ദേശീയ പുരസ്‌ക്കാരങ്ങള്‍ ആരോഗ്യ മേഖലയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയിലെ കേരളത്തിന്റെ തിളക്കമാര്‍ന്ന മികവിനുള്ള അംഗീകാരമാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച മൂന്ന് പുരസ്‌ക്കാരങ്ങളെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഇത് ഉള്‍പ്പെടെ സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് കേരളം ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിച്ച് ഫലപ്രദമായ പ്രതിരോധ മതില്‍ തീര്‍ക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് കാലത്തും കേരളത്തില്‍ സൗജന്യ ചികില്‍സ നല്‍കുകയും ജനങ്ങള്‍ക്ക് മെഡിക്കല്‍ സൗകര്യവും കിറ്റും ഉള്‍പ്പെടെ ഉറപ്പുവരുത്തുകയും ചെയ്തു. ആരോഗ്യ കേരളം, ആരോഗ്യ ഗ്രാമം, ആരോഗ്യ നഗരം എന്നിങ്ങനെ മികവാര്‍ന്ന തലത്തിലുള്ള അംഗീകാരം കേരളത്തിന് ദേശീയ തലത്തില്‍ ലഭിച്ചത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ മികവാണ് തെളിയിക്കുന്നത്.

കേരളത്തിലെ 600 ആയുഷ് ഡിസ്‌പെന്‍സറികളെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിലൂടെ യോഗ ട്രെയിനറുടേയും ആശ പ്രവര്‍ത്തകരുടേയും സേവനവും വിവിധതരം ആരോഗ്യ പരിശോധനകളും ലാബ് സൗകര്യങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ അധികമായി ലഭിക്കും. കൂടാതെ ഈ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായവും നല്‍കുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 40 സ്ഥാപനങ്ങളേയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കിയത്. അതിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാര്‍ 50 സ്ഥാപനങ്ങളെ ഇതിനോടകം ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം 150 സ്ഥാപനങ്ങളെ കൂടി ഇത്തരത്തില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജിത്കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക വേണു, മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാമണി, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. റോഷന്‍ നായര്‍, കൗണ്‍സിലര്‍മാരായ സുമേഷ് ബാബു, അഖില്‍കുമാര്‍, മേഴ്സി വര്‍ഗീസ്, ആനി സജി, ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ്. ശ്രീകുമാര്‍, എന്‍.എച്ച്.എം ഡി.പി.എം ഡോ. ശ്രീകുമാര്‍, ആയുര്‍വേദ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വഹീദ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ ഇപ്പോഴുള്ള കണക്കനുസരിച്ച് വലിയൊരു ശതമാനം ദമ്പതികള്‍ പലതരം വന്ധ്യതയോ അനുബന്ധ അവസ്ഥ മൂലമോ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മാനസിക പിരിമുറുക്കം ഒരു പ്രത്യേക കാരണമായി രണ്ടുപേരിലും കണ്ടുവരുന്നു. വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും വന്ധ്യതയുടെ നിരക്ക് വര്‍ധിപ്പിക്കുന്നു.

ദമ്പതികളിലെ രണ്ടു പേരെയും പ്രത്യേകം പരിശോധിച്ച് കൗണ്‍സിലിംഗ് നടത്തി ചികിത്സ നിശ്ചയിക്കുകയാണ് ആയുര്‍വേദത്തില്‍ ചെയ്യുന്നത്. യഥാര്‍ഥ കാരണം കണ്ടെത്തിക്കഴിഞ്ഞാണ് ആയുര്‍വേദ ചികിത്സ നടത്തുന്നത്. ഈ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് യാഥാര്‍ഥ്യമാകുന്നതോടെ പത്തനംതിട്ട പ്രദേശത്തുള്ളവര്‍ക്ക് വലിയ ആശ്വാസമാകും.