2018 – 19 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം ആരോഗ്യ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് വിതരണം ചെയ്തു. ജില്ലാ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കരിമണ്ണൂര്‍, ഇടവെട്ടി, പുറപ്പുഴ ഗ്രാമ പഞ്ചായത്തുകള്‍ക്ക് വേണ്ടി ഭരണ സമിതി അംഗങ്ങള്‍ മന്ത്രിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ഈ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരത്തോടൊപ്പം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപ വീതവും കൈമാറി.

പരിപാടിയില്‍ എ രാജ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, ഡിപി എം ഡോ സുജിത് സുകുമാരന്‍, തുടങ്ങി വിവിധ ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പങ്കെടുത്തു.

നവകേരള മിഷന്‍ പരിപാടിയുടെ ഭാഗമായുളള ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ്
സംസ്ഥാനസര്‍ക്കാര്‍ ആര്‍ദ്ര കേരളം പുരസ്‌കാരം നല്‍കി വരുന്നത്.
ജനകീയാസൂത്രണ പദ്ധതിയൂടെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയിലും, ആരോഗ്യാനുബന്ധ മേഖലയിലും മികച്ച ഇടപെടലുകളാണ് ഇതിലൂടെ നടത്തിവരുന്നത്. ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകള്‍ക്കും, മുന്‍സിപ്പാലിറ്റികള്‍ക്കും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാനതല അവാര്‍ഡുകളും കൂടാതെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതല അവാര്‍ഡുകളും ആണ് നല്‍കുന്നത്.
ഫീല്‍ഡ് പരിശോധനകള്‍, സംസ്ഥാന തലത്തില്‍ ലഭ്യമാകുന്ന സ്ഥിതി വിവരകണക്കുകള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിക്കുക.

ആരോഗ്യമേഖലയിലെ സവിശേഷ പദ്ധതികള്‍ക്ക് നല്‍കുന്ന തുകയെ വിലയിരുത്തിയിട്ടാണ് ഈ അവാര്‍ഡ് നല്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷം ഇടുക്കിജില്ലയിലെ ഏറ്റവും മികച്ച ആരോഗ്യപദ്ധതികള്‍ വയ്ക്കുകയും ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്ത പഞ്ചായത്തുകളാണ് കരിമണ്ണൂര്‍, ഇടവെട്ടി, പുറപ്പുഴ എന്നിവ.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ പാലിയേറ്റീവ് പരിചരണം, പി എച്ച് സി യില്‍ വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുക, രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍, ആയൂര്‍വേദ ആശുപത്രിയില്‍ മരുന്ന് വാങ്ങല്‍, വയോധികരായ പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് വാങ്ങല്‍, ഹോമിയോ അശുപത്രയിലേക്ക് മരുന്ന് വാങ്ങല്‍, അങ്കണവാടികളില്‍ പൂരക-അനുപൂരകപോഷകാഹാരം, ഭിന്നശേഷികാര്‍ക്ക് സ്‌കോളര്‍ഷിപ്പ്, ശാരീരിക മാനസീക വെല്ലുവിളിയുളള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പഞ്ചായത്ത് ടൗണിലെ ഖരമാലിന്യസംസ്‌കരണം, പഞ്ചായത്തില്‍ പൊതുകളിസ്ഥലം വാങ്ങല്‍ എന്നീ പ്രോജക്റ്റുകളാണ് ഫലപ്രദമായി നടപ്പിലാക്കിയത്.
ഇടവെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യമേഖയില്‍ പാലിയേറ്റീവ് പരിചരണം, മരുന്ന് വാങ്ങല്‍, ആയൂര്‍വ്വേദ ഹോമിയോ ആശുപത്രികള്‍ക്കുളള പദ്ധതികള്‍, പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുളള പദ്ധതികള്‍, സ്നേഹാമൃതം പാലിയേറ്റീവ് പദ്ധതി, പോഷകഹാര വിതരണം, അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍, ആശുപത്രി വികസനം, റിംഗ് കംബോസ്റ്റ്, സബ് സെന്ററുകളുടെ നവീകരണം എന്നീ പ്രോജക്റ്റുകള്‍ നടപ്പിലാക്കി.
പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുളള പ്രത്യേക പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണ പദ്ധതികളുടെ സമയബന്ധിതമായ നടപ്പാക്കല്‍, മാലിന്യനിര്‍മാര്‍ജ്ജനപദ്ധതി, ജീവിതശൈലി രോഗനിയന്ത്രണത്തിനായി ആയൂര്‍വ്വേദ-ഹോമിയോ- അലോപ്പതി വിഭാഗങ്ങളുടെ കൂട്ടായ രോഗിസൗഹൃദ പ്രവര്‍ത്തനം എന്നി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.