മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (സെപ്റ്റംബര്‍ 27) രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ 942 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.35 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം 919 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 18 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
1,947 പേരാണ് തിങ്കളാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 5,30,004 ആയി. 44,574 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 14,873 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 745 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 188 പേരും 88 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 61 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.