കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വലിയപറമ്പ പി.എച്ച്.സിയുടെ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 1.20 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

പുതിയതായി നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തില്‍ ഒന്നാം നിലയിലായി മൂന്ന് സ്റ്റാഫ് റൂമുകള്‍, ഹാള്‍, സര്‍ജിക്കല്‍ റൂം, മെഡിക്കല്‍ സ്റ്റോറേജ്, വെയ്റ്റിംഗ് റൂം, മൂന്ന് ശുചിമുറികള്‍ എന്നിവയും രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് മുറി, ശുചിമുറികള്‍ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകും. എല്‍എസ്ജിഡി വകുപ്പ് എക്‌സി.എഞ്ചിനീയര്‍ ആണ് പദ്ധതിയുടെ നിര്‍വഹണം.

ഈ പദ്ധതിയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തോടൊപ്പം പ്രവേശന കവാടത്തിന്റെ നിര്‍മ്മാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.