സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്ഷികം ‘ആസാദി കാ അമൃത മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ ആഭിമുഖ്യത്തില് സ്വാതന്ത്ര്യസമരസേനാനി പി.വി കണ്ണപ്പനെ ആദരിച്ചു കൊണ്ട് ജില്ലയിലെ ആഘോഷങ്ങള്ക്ക് തുടക്കം കുറിക്കും. സ്വാതന്ത്ര്യത്തിന്റെ 75 – ാം വാര്ഷിക വേളയില് ഒരു വര്ഷം നീണ്ട് നില്ക്കുന്ന പരിപാടികളാണ് രാജ്യത്താകമാനം ദേശീയ ദുരന്ത നിവാരണ സേന ആവിഷ്‌കരിക്കുന്നത്.
ജില്ലയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയാണ് എടത്തറ സ്വദേശി പി.വി കണ്ണപ്പന്. ക്വിറ്റ് ഇന്ത്യ സമരത്തില് പങ്കെടുത്തതിന് അറസ്റ്റ് വരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം മനുഷ്യാവകാശ പ്രവര്ത്തനങ്ങളില് സജീവമായ അദ്ദേഹം അടുത്തകാലത്ത് വരെ പൊതുപ്രവര്ത്തനരംഗത്ത് സജീവമായിരുന്നു. 93 വയസ്സായ അദ്ദേഹം നിലവില് എടത്തറയില് മകന്റെ കൂടെ വിശ്രമ ജീവിതത്തിലാണ്.
നാളെ (സെപ്റ്റംബര് 29) വൈകീട്ട് നാലിന് പി. വി കണ്ണപ്പന്റെ വസതിയില് നടക്കുന്ന പരിപാടിയില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്, പറളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, ജില്ലാ കലക്ടര് മൃണ്മയി ജോഷി എന്നിവര് പങ്കെടുക്കും. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന് കമാന്ഡന്റ് കപില് വെര്മന്, ഡെപ്യൂട്ടി കമാന്ഡന്റ് രാജന് ബാലു എന്നിവര് എന്.ഡി.ആര്.എഫിനെ പ്രതിനിധീകരിച്ചു പങ്കെടുക്കും.