-ഹെമറ്റോളജി ഡിപ്പാർട്ട്‌മെന്റ് ആരംഭിക്കാൻ ശ്രമം: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു മാസത്തിനുള്ളിൽ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ സാധിക്കുമെന്ന് ആരോഗ്യ-വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച 8.89 കോടിയിൽപരം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള തയാറെടുപ്പ് നടക്കുകയാണ്. അത് നടക്കുന്നതോടെ ആരോഗ്യമേഖലയിൽ വലിയമാറ്റത്തിന് വഴിതെളിക്കും. സാധാരണക്കാരായവരുടെ ചികിത്സക്ക് ആധുനിക സജ്ജീകരണങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഉന്നതിയുടെ പടവുകൾ അതിവേഗത്തിലാണ് കടക്കുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കുന്നതിന് നിരവധി പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനകം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്. ഇവയുടെ മികവും കാര്യക്ഷമതയും കൊണ്ടാണ്
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സ്ഥാപനമാകാൻ ആശുപത്രിക്ക് സാധിച്ചത്. കോവിഡ് രണ്ടാം തരംഗം അതിശക്തമായി കേരളത്തെ പിടിച്ചുലച്ചപ്പോൾ വാക്സിനേഷൻ മാത്രമായിരുന്നു ഏക പ്രതിരോധമാർഗം. ആസൂത്രിതമായ നീക്കത്തിലൂടെ ജനവിഭാഗങ്ങളെ കൃത്യമായി ക്രമീകരിച്ച് വാക്സിനേഷൻ യജ്ഞം നടത്താനായി. സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും അതിനെ പിന്തുണച്ചു. അതിന്റെ ഫലമായി 92 ശതമാനം ജനങ്ങൾക്ക് ഒന്നാം ഡോസ് വാക്സിനേഷൻ നൽകി. വാക്സിൻ വിതരണത്തിൽ ഇന്ത്യയിൽ ഏറ്റവും മുൻനിരയിലാണ് കേരളം. ഇതിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സിക്ക, നിപ്പ വൈറസുകൾക്കെതിരേയുള്ള പ്രതിരോധവും ശക്തമാക്കാനായി. അവയവദാനപ്രക്രിയ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗിയുടെ ജീവൻ തിരിച്ച് പിടിക്കുന്നതോടൊപ്പം കുടുംബം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടപ്പാക്കുക. വ്യാജപ്രചാരണം മൂലം അവയവദാനപ്രക്രിയയിൽ നിന്ന് ആളുകൾ പിന്തിരിയുന്ന സാഹചര്യമൊഴിവാക്കാൻ കെസോട്ടോ എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജിൽ ഹെമറ്റോളജി ഡിപ്പാർട്ട്‌മെന്റ് ആരംഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിഭാഗത്തിൽ പുതിയ ഉപകരണം വാങ്ങുന്നതിനായി എം.എൽ.എ. ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അനുവദിച്ചതായും യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
വാർദ്ധക്യത്തിൽ കോവിഡ് ബാധിച്ചാൽ തിരിച്ചു വരവ് അസാധ്യമായി കണ്ടിരുന്ന ലോകത്തിന് മുന്നിൽ 90 വയസിന് മുകളിലുള്ള ദമ്പതികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് മാതൃക സൃഷ്ടിച്ചതാണ് കോട്ടയം മെഡിക്കൽ കോളജെന്നും അദ്ദേഹം പറഞ്ഞു.
ഗവൺമെന്റ് നഴ്‌സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോസിലി ടോമിച്ചൻ, ബിജു വലിയമല, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്മിണി ജേക്കബ്, ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലബീവി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ അനിത മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി ജയകുമാർ, ഗവൺമെന്റ് ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ടി. ബീന, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, നഴ്‌സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. വി.കെ. ഉഷ, ഫാർമസി കോളജ് മേധാവി ഡോ. പി.കെ. വത്സല കുമാരി, മെഡിക്കൽ കോളജ് നഴ്‌സിംഗ് ഓഫീസർ വി.ആർ. സുജാത, ആർ.എം.ഒ. ഡോ. ആർ.പി. രഞ്ജിൻ, മുൻ സൂപ്രണ്ട് ഡോ. പി.ജി.ആർ. പിള്ള എന്നിവർ പങ്കെടുത്തു.
6.20 കോടി രൂപ ചെലവിൽ നിർമിച്ച നഴ്സിങ് കോളജ് ഓഡിറ്റോറിയം, ലൈബ്രറി-പരീക്ഷ ഹാൾ, 40 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഏഴ്, എട്ട് ന്യൂറോ സർജറി വാർഡുകൾ, ഒരു കോടി രൂപ ചെലവിൽ കുട്ടികളുടെ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ ജനറേറ്റർ, 1.05 കോടി രൂപ ചെലവിൽ സ്ഥാപിച്ച 750 കെ.വി. ജനറേറ്റർ, സബ്സ്റ്റേഷൻ, 24.11 ലക്ഷം രൂപ ചെലവിൽ നിർമിച്ച നെഫ്രോളജി ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.