ദൈനംദിന ജീവിതത്തില്‍ കൃഷിയുടെയും കൃഷിക്കാരുടെയും പ്രാധാന്യം മനസിലാക്കി ഉദ്യോഗസ്ഥര്‍ സമീപനമെടുക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കൃഷി ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ തരിശ് നിലങ്ങള്‍ കൃഷിയിലേക്ക് കൊണ്ടുവരുന്നതിനു കൃഷി വകുപ്പ് ഓഫീസര്‍മാര്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തരിശ് നിലങ്ങളില്‍ തുടര്‍ കൃഷി ഉറപ്പുവരുത്തണം. കാര്‍ഷിക മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് അദേഹം നിര്‍ദേശിച്ചു. വിപണന മേഖലകള്‍ തമ്മില്‍ ബന്ധം ഉണ്ടാകണം. എയ്ംസ് പോര്‍ട്ടലില്‍ കര്‍ഷകരുടെ റജിസ്‌ട്രേഷന്‍ നൂറ് ശതമാനമാക്കണം. കൃഷി വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരും കര്‍ഷകര്‍ക്ക് ബലമായി അവരോടൊപ്പം നിന്ന് ഫീള്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന പശ്ചാത്തലം ഉറപ്പാക്കേണ്ടതുണ്ട്. ജില്ലയിലെ അടൂര്‍, പുല്ലാട് എന്നിവിടങ്ങളിലെ സ്റ്റേറ്റ് സീഡ് ഫാമുകളും പന്തളത്തെ ഷുഗര്‍കെയിന്‍ സീഡ് ഫാമും കൂടുതല്‍ ഫലപ്രദമാക്കാന്‍ വിപുലമായ പ്രൊപ്പോസല്‍ തയ്യാറാക്കി നല്‍കണം. ജില്ലയില്‍ ഫാം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. അപ്പര്‍ കുട്ടനാട്, കരിങ്ങാലിപുഞ്ച, ആറന്മുളപുഞ്ച എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കി നല്‍കണമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
പത്തനംതിട്ട പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ കൃഷി ഉദ്യോഗസ്ഥര്‍ക്കായി ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടും മറ്റുള്ള ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായും പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി ഷീല, ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ സാറാ ടി. ജോണ്‍, ഹോര്‍ട്ടികോര്‍പ്പ് എം.ഡി ജെ.സജീവ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജോര്‍ജി കെ.വര്‍ഗീസ്, ജോര്‍ജ് ബോബി ടി.ജെ, ജാന്‍സി കെ.കോശി, ജോയിസി കെ.കോശി, ലൂയിസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.