കൊല്ലം ജില്ലയൊട്ടാകെയുള്ള 105 വില്ലേജുകളിലും അതിവേഗ സേവനം ഉറപ്പാക്കി ഓണ്‍ലൈന്‍ പോക്കു വരവ് സംവിധാനം സജ്ജമാക്കിയതായി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. 3,29,333 അപേക്ഷകള്‍ തീര്‍പ്പാക്കി കഴിഞ്ഞു. റവന്യു ഇ-പെയ്മന്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സേവനങ്ങള്‍ക്ക് കാലതാമസം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലയില്‍ ഡിജിറ്റലൈസേഷന്‍ ത്വരിതപ്പെടുത്തിയത്.

നികുതി സ്വീകരിക്കുന്നതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഇതര സാക്ഷ്യപത്രങ്ങളുമെല്ലാം ഓണ്‍ലൈനായി നല്‍കുകയാണ്. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത് തുടരുകയുമാണ്. പ്ലാന്‍ ഫണ്ട് വിനിയോഗിച്ചാണ് പരിഷ്‌കരണം നടപ്പിലാക്കിയത്. കലക്‌ട്രേറ്റിലെ എല്ലാ സെക്ഷനുകളിലും ആര്‍. ഡി. ഒ ഓഫീസിലും ഇ-ഓഫീസ് സംവിധാനം പൂര്‍ത്തിയാക്കി.

ഉപകരണങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മറ്റെല്ലാം ഓഫീസുകളിലേക്കും സൗകര്യം വ്യാപിപ്പിക്കാനാകും. ഇ-ഡിസ്ട്രിക്ട് പദ്ധതി കൂടുതല്‍ ശക്തമാക്കുന്നതിനായി ആധുനിക ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും കലക്ടര്‍ വ്യക്തമാക്കി.