എറണാകുളം: പേവിഷബാധയെ പ്രതിരോധിക്കുന്നതിനായി വിപുലമായ കര്‍മപദ്ധതിക്ക് രൂപം നല്‍കാന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. ലോക പേവിഷബാധ വിരുദ്ധ ദിനമായ സെപ്റ്റംബര്‍ 28ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ എ.ഡി.എം എസ്. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.

പേവിഷബാധ പ്രതിരോധിക്കുന്നതിനായി പ്രധാനമായും ഭക്ഷണ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കുക, വളര്‍ത്തുനായ്ക്കൾക്ക് നിശ്ചിത കാലയളവില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുക, കൃത്യ സമയത്ത് ചികിത്സതേടുന്നതിന് ആളുകളില്‍ അവബോധം വളര്‍ത്തുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ യോഗത്തിൽ തീരുമാനിച്ചു.

ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് പേവിഷബാധ മൂലം മരണമടഞ്ഞത് എട്ട് പേരാണ്. 2019 ല്‍ ജില്ലയില്‍ രണ്ട് മരണം പേവിഷബാധ മൂലം ഉണ്ടായി. നൂറ് ശതമാനം മരണകാരണമാകുന്ന രോഗം കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിലൂടെ നൂറ് ശതമാനം പ്രതിരോധിക്കാന്‍ കഴിയുന്നതുമാണ്. പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഈ വര്‍ഷത്തെ സന്ദേശം ‘പേവിഷബാധ: വസ്തുതകള്‍ അറിയാം ഭീതി ഒഴിവാക്കാം ‘ എന്നുള്ളതാണ്.

വളര്‍ത്തുനായ്ക്കള്‍ക്ക് വാക്സിന്‍ നല്‍കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സും ഉറപ്പാക്കണം. നായ്ക്കൾ, പൂച്ചകൾ എന്നിവയിൽ നിന്നും ഏതെങ്കിലും തരത്തിൽ മുറിവേറ്റാൽ ചികിത്സ ഉറപ്പാക്കണം. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ കുട്ടപ്പന്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. ബേബി ജോസഫ്, കോവിഡിതര പകര്‍ച്ചവ്യാധി സര്‍വയലന്‍സ് ഓഫീസര്‍ ഡോ. വിനോദ് പൗലോസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.