കൊച്ചി: ‘ദളിതര്‍ക്കും ആദിവാസികള്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും സൗജന്യ നിയമ സേവനവും നീതിയും ഞങ്ങള്‍ ഉറപ്പ് വരുത്തും’. എറണാകുളം നിയമസേവന അതോറിറ്റിയുടെ (ഡി.എല്‍.എസ്.എ) ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് തുറക്കുമ്പോള്‍ കാണുന്ന വാചകങ്ങളാണ് ഇവ. തങ്ങളുടെ കവര്‍ ഫോട്ടോയില്‍ പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളേയും അന്വര്‍ത്ഥമാക്കും വിധമാണ് എറണാകുളം ഡി.എല്‍.എസ്.എയുടെ ഓരോ പ്രവര്‍ത്തനവും. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ അതിന്റെ ഗൗരവമനുസരിച്ച് ഒരു ജഡ്ജി തന്നെ നേരിട്ടെത്തി അവസ്ഥകള്‍ കണ്ടറിഞ്ഞ് പരിഹാരങ്ങള്‍ നല്‍കുന്ന രീതിയിലാണ് അതോറിറ്റിയുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍.  ഫയലുകളിലെ പല പ്രശ്‌നങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ വിജയിപ്പിച്ചെടുക്കുകയാണ് ഡി.എല്‍.എസ്.എ.
ഇതര സംസ്ഥാന തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, പീഡനത്തിന് ഇരയായവര്‍, വിധവകള്‍, പ്രായാധിക്യമുള്ളവര്‍, മാനസിക രോഗം ബാധിച്ചവര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കെല്ലാം നീതി ലഭ്യമാക്കാന്‍ ഡി.എല്‍.എസ്.എയ്ക്ക് കഴിഞ്ഞു.
ഡി.എല്‍.എസ്.എ സെക്രട്ടറി എ.എം ബഷീര്‍ ജില്ലയിലെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകള്‍ സന്ദര്‍ശിക്കുകയും അവരുടെ അവസ്ഥകള്‍ നേരിട്ട് മനസ്സിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുടങ്ങിക്കിടന്ന ഇന്‍ഷുറന്‍സ് പരിരക്ഷ യാഥാര്‍ത്ഥ്യമാക്കി. കഴിഞ്ഞ മെയ്ദിനത്തില്‍ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളില്‍ തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു. രണ്ടര ലക്ഷം രൂപയ്ക്കാണ് ഓരോ തൊഴിലാളിയേയും ഇന്‍ഷൂര്‍ ചെയ്തത്. പരിക്കുപറ്റുന്നവര്‍ക്ക് 50,000 രൂപയും മരണമടഞ്ഞാല്‍ രണ്ട് ലക്ഷം രൂപയുമാണ് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. മുപ്പതിനായിരം തൊഴിലാളികള്‍ക്കാണ് ഒറ്റ ദിവസം കൊണ്ട് ഇന്‍ഷുറന്‍സ് നല്‍കാനായത്.
ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയെന്ന ആശയത്തിന് വേണ്ടിയും ഡി.എല്‍.എസ്.എ മുന്നിട്ടിറങ്ങി. എറണാകുളത്തെ 30 ആദിവാസി ഊരുകളില്‍ റേഷനെത്തിക്കാന്‍ ഡി.എല്‍.എസ്.എ വഴി സിവില്‍ സപ്ലൈസിന് കഴിഞ്ഞു.
‘ആയിരം അദ്ധ്യായങ്ങള്‍’ എന്ന് പേരിട്ട ബോധവത്ക്കരണ പരിപാടിയും ഡി.എല്‍.എസ്.എയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം നടത്തി വരികയാണ്. മദ്യം, മയക്കുമരുന്ന്, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, റാഗിങ്ങ് എന്നിങ്ങനെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരെ എല്ലാ വില്ലേജുകളിലും നഴ്‌സറി തലം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് ലോ കോളേജുകളില്‍ നിയമ സഹായ ക്ലിനിക്കുകള്‍ തുറന്നു. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാക്രമണം, പീഡനം, അശ്ലീല ചിത്രങ്ങള്‍ എന്നിവയില്‍ നിന്ന് അവരെ സംരക്ഷിക്കുന്ന പോക്‌സോ നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണം പോലീസുകാര്‍ക്കിടയിലും ഡോക്ടര്‍മാര്‍ക്കിടയിലും നടത്തി. പോക്‌സോ കേസുകള്‍ ഉണ്ടാകുമ്പോള്‍ അത് രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉത്തരവാദിത്തപ്പെട്ടവര്‍ അത് ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റിയുമായിരുന്നു ബോധവത്ക്കരണം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.
ട്രെയിനുകളില്‍ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളെ സംരക്ഷിക്കാനായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച ചൈല്‍ഡ് ഹെല്‍പ്പ് ലൈനിന് എല്ലാവിധ നിയമ സഹായങ്ങളും ചെയ്യുന്നത് ഡി.എല്‍.എസ്.എയാണ്. കാക്കനാട് ജയിലിലെ സ്ത്രീ തടവുകാര്‍ക്ക് സ്വയംതൊഴില്‍ പഠനത്തിനായി  ക്യാംപ് സംഘടിപ്പിക്കുകയും കുട നിര്‍മ്മാണം, നെറ്റിപ്പട്ട നിര്‍മ്മാണം എന്നിവ പഠിപ്പിക്കുകയും ചെയ്തു. ട്രാന്‍സ്‌ജെന്‍ഡേര്‍സിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും തൊഴില്‍ നൈപുണ്യം നല്‍കുന്നതിനുമായി സാക്ഷരതാ മിഷന്റെയും കുടുംബശ്രീയുടെയും സഹായത്തോടെ ജില്ലയിലുടനീളം പതിനൊന്ന് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നടത്തി. പുതിയ തൊഴിലുകള്‍ ആരംഭിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായത്തിനുള്ള നടപടികളും സ്വീകരിച്ചു.
ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷന്‍, കുടുംബശ്രീ, എന്‍.ജി.ഒ എന്നിവരുടെ സഹായത്തോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് നടപ്പിലാക്കി. മൂവാറ്റുപുഴ നഗരസഭ ഒറ്റ ദിവസം കൊണ്ടു തന്നെ വളണ്ടിയര്‍മാരുടെ സഹായത്തോടെ വൃത്തിയാക്കി പ്ലാസ്റ്റിക്ക് വിമുക്തമാക്കി. ഏഴ് താലൂക്കകളിലായി താലൂക്ക് നിയമ സേവന അതോറിറ്റികളുടെ സഹായത്തോടെ 5000 ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. ജില്ലയിലെ പ്രധാനപ്പെട്ട മുപ്പതോളം പൊതു ഇടങ്ങളില്‍ തുടര്‍ച്ചയായി മാലിന്യ നിക്ഷേപം നടത്തുന്നത് ശ്രദ്ധയില്‍പ്പെടുകയും പരിഹാരത്തിനായി പോലീസ് സേനയേയും വിവിധ എന്‍ ജി ഒ കളെയും ഏകോപിപ്പിച്ച് ആ പ്രദേശങ്ങളെ നിരീക്ഷണ വലയത്തിലാക്കുകയും ചെയ്തു.
ആലുവ ചുണങ്ങംവേലി പുഷപ നഗര്‍ കോളനി ഡി.എല്‍.എസ്.എ സെക്രട്ടറി എം.എ. ബഷീര്‍ സന്ദര്‍ശിക്കുകയും കോളനിയിലെ കുടിവെള്ള ക്ഷാമം, ശൗചാലയങ്ങളുടെ അപര്യാപ്തത, പ്രായമായവരുടെയും സ്ത്രീകളുടെയും സുരക്ഷ, റേഷന്‍ സംവിധാനം, വീടുകളുടെ അറ്റകുറ്റപ്പണി എന്നീ കാര്യങ്ങളില്‍ അതത് വകുപ്പുകളുമായി സഹകരിച്ച് പരിഹാരം കാണുവാന്‍ ശ്രമിക്കും എന്ന് ഉറപ്പ് നല്‍കുകയും കോളനിയിലെ ചോര്‍ന്നൊലിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തു. ഇവിടുത്തെ നൂറുവീടുകളില്‍ മുപ്പത് വീടുകളുടെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം എന്നീ വൈകല്യമുള്ളവര്‍ക്ക് ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള ‘നിരാമയ’ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ത്വരിത ഗതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഡി.എല്‍.എസ്.എ വഴി ചെയ്യുന്നു. സാമൂഹ്യക്ഷേമ വകുപ്പുമായി സഹകരിച്ച് നിരാമയ പദ്ധതി ഏവരിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഡി.എല്‍.എസ്.എ.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ സമൂഹത്തിലെ അശരണക്കാര്‍ക്കായി വലുതും ചെറുതുമായ നിരവധി വിഷയങ്ങളില്‍ ഡി.എല്‍.എസ്.എ ഇടപെട്ടു. പ്രായമായവരുടെയും അനാഥരുടെയും രോഗികളുടെയും പ്രശ്‌നങ്ങള്‍ ഡി.എല്‍.എസ്.എ അധികാരികള്‍ നേരിട്ടെത്തി മനസിലാക്കുകയും അടിയന്തിര പരിഹാരം കാണുകയും ചെയ്തു. പീഡനത്തിന് ഇരയായവര്‍ക്കും ആസിഡ് അക്രമത്തിന് ഇരയായവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ നേടിയെടുക്കാന്‍ സഹായിച്ചു. സബ് ജഡ്ജ് കൂടിയായ എം.എ ബഷീര്‍ ആണ് ഡി.എല്‍.എസ്.എയുടെ എറണാകുളം ജില്ലാ സെക്രട്ടറി. ഒരു വര്‍ഷ കാലാവധിയില്‍ ഡെപ്യൂട്ടേഷനിലാണ് നിയമനം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ണ്ണ വിജയത്തിലെത്തിക്കുന്നതിനും അവശ്യക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കോടതി എന്ന നിലയില്‍  പ്രവര്‍ത്തിക്കുകയാണ് ഡി.എല്‍.എസ്.എ എന്ന് എം.എ ബഷീര്‍ പറഞ്ഞു.