കൊച്ചി: പരാതി നല്‍കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെ നിയന്ത്രിക്കുമെന്ന് വനിതാ കമ്മീഷന്‍. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ്. താര, ഇ.എം. രാധ എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തിലാണ് ഇക്കാര്യമറിയിച്ചത്. അദാലത്തില്‍ ആകെ 80 പരാതികള്‍ പരിഗണിച്ചു. 26 പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ കൗണ്‍സിലിംഗ് നല്‍കാന്‍ തീരുമാനിച്ചു. 29 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക്  മാറ്റി. മാതാപിതാക്കളെ സംരക്ഷിക്കുന്നില്ല എന്ന ആറു പരാതികള്‍ ആര്‍.ഡി.ഒയ്ക്ക് കൈമാറി.
തൊഴിലിടങ്ങളിലുള്ള  നാല് പീഡനകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരസ്ത്രീ, പരപുരുഷബന്ധം ആരോപിച്ചുളള കേസുകള്‍ വര്‍ധിച്ചു വരുന്നതായി കമ്മീഷന്‍ പറഞ്ഞു. കുടുംബബന്ധങ്ങള്‍ വഴിപിരിയാന്‍ ഇത് ഒരു കാരണമാകുന്നു. സോഷ്യല്‍ മീഡിയയുടെയും ടിവി സീരിയലുകളുടെയും സ്വാധീനം ഇതിനു കാരണമാകുന്നുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. തങ്ങള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പീഡനങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുന്നത് മാറ്റത്തിന്റെ സൂചനയാണ്. പരാതിയുമായി വരുന്ന സ്ത്രീകളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതിനാല്‍ പരാതികളുടെ എണ്ണം ഓരോ അദാലത്തിലും വര്‍ദ്ധിച്ച് വരികയാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
തന്നെയും ക്യാന്‍സര്‍ രോഗിയായ അമ്മയെയും രണ്ട് സഹോദരിമാരെയും പിതാവ് സംരക്ഷിക്കുന്നില്ല എന്ന  പെണ്‍കുട്ടിയുടെ പരാതിയില്‍ റിട്ടയേര്‍ഡ് എസ്.ഐ ആയ പിതാവിനെ അടുത്ത സിറ്റിങ്ങില്‍ വിളിച്ച് വരുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു.
വാതരോഗം മൂലം നടക്കാന്‍ വയ്യാത്ത അമ്മയെ മക്കള്‍ സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്ന പരാതിയില്‍ അമ്മയ്ക്കും മക്കള്‍ക്കും ഒരു വീട്ടില്‍ ജീവിക്കാന്‍ പറ്റുന്ന സാഹചര്യം സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. നടക്കാന്‍ കഴിയാത്ത അമ്മയെ പുറത്ത് കാറില്‍ ചെന്ന് കണ്ടാണ് പരാതി കേട്ടത്. അമ്മയെ സംരക്ഷിക്കാന്‍ തയാറാണെന്ന് മകന്‍ കമ്മീഷനെ അറിയിച്ചു. മകന്റെ സാമീപ്യം ആവശ്യപ്പെട്ടാണ് അമ്മ കമ്മീഷനെ സമീപിച്ചത്.
ഗവ. മെഡിക്കല്‍ കോളേജില്‍ ശുചീകരണ തൊഴിലാളികളെ അസഭ്യം പറഞ്ഞതിന് പുരുഷ ജീവനക്കാരനെതിരെ പരാതി കമ്മീഷന്‍ പരിഗണിച്ചു. അടുത്ത അദാലത്തില്‍ ആര്‍.എം.ഒയുടെ റിപ്പോര്‍ട്ട് സഹിതം സെക്യൂരിറ്റി ഓഫീസറോട് ഹാജരാകാനും കമ്മീഷന്‍ ഉത്തരവിട്ടു. സാമുദായിക സംഘടനയിലുണ്ടായ തര്‍ക്കത്തില്‍ അസഭ്യം പറഞ്ഞു എന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു.
ഓര്‍ത്തഡോക്‌സ് പുരോഹിതന്‍മാര്‍ കുറ്റാരോപിതരായ കേസിലും ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിലും വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു.
അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ക്കു പുറമേ ഡയറക്ടര്‍ വി.എം കുര്യാക്കോസ്, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. സ്മിതാ ഗോപി, അഡ്വ. എം.ഇ. അലിയാര്‍, അഡ്വ. ഖദീജാ റിഷബത്ത്, വനിതാ സെല്‍ എസ്.ഐ സോണ്‍ മേരി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.