* നെടുമങ്ങാട് റവന്യൂടവറിന് ശിലയിട്ടു
* സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിക്ക് ജനങ്ങളുടെ 100 ൽ 100 മാർക്ക്: മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: കെട്ടിട നിർമാണ മേഖലയിൽ പൊതുമരാമത്ത് വകുപ്പ് പുതിയ ഡിസൈൻ പോളിസി നടപ്പാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിന്റെ പ്രതിഫലനം വരും നാളുകളിൽ കാണാനാകുമെന്നും മന്ത്രി. നെടുമങ്ങാട് നിർമിക്കുന്ന പുതിയ റവന്യൂടവറിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളോടു കറയറ്റ പ്രതിജ്ഞാബദ്ധത സർക്കാർ ഉദ്യോഗസ്ഥർ കാണിക്കണം. ഉദ്യോഗസ്ഥർ കാര്യക്ഷമമായി ജോലി ചെയ്യണമെങ്കിൽ അവർക്ക് ഓഫിസുകളിൽ അതിനുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കണം. പൊതു മരാമത്ത് വകുപ്പ് നിർമിക്കുന്ന കെട്ടിടങ്ങൾ ഇത്തരത്തിലുള്ളവയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ 100 ദിനകർമ പരിപാടിക്ക് ജനങ്ങളുടെ 100 ൽ 100 മാർക്ക് നേടാൻ കഴിഞ്ഞതായി പരിപാടിയിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ – പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. വികസന മേഖലയിലുള്ള ഈ സർക്കാരിന്റെ കാഴ്ചപ്പാട് ഏറ്റവും പുതിയതും പ്രായോഗികവുമാണന്നും മന്ത്രി പറഞ്ഞു.
വരുന്ന അഞ്ചു വർഷക്കാലത്തേക്കുള്ള കൃത്യമായ നയവും വ്യക്തമായ നിലപാടുകളുമായാണ് സംസ്ഥാന റവന്യൂ വകുപ്പു മുന്നോട്ട് പോകുന്നതെന്ന് റവന്യൂടവറിന്റെ ശിലാസ്ഥാപനം നിർവഹിച്ച ശേഷം റവന്യൂ വകുപ്പു മന്ത്രി കെ .രാജൻ പറഞ്ഞു. ഏറെ ദീർഘവീക്ഷണത്തോടെയാണ് ഓരോ വകുപ്പുകളും പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാലുനിലകളിലായി 25,000 ചതുരശ്ര അടി വിസ്തീർണത്തിൽ 10 കോടിയോളം രൂപ ചെലവഴിച്ചാണ് റവന്യൂ ടവർ നിർമിക്കുന്നത്. ഓരോ നിലക്കും 5,810 ചതുരശ്ര അടി വിസ്തീർണമുണ്ട്. അംഗപരിമിതർക്കുള്ള പ്രത്യേക റാമ്പ് , ലിഫ്റ്റ്, രണ്ട് ഗോവണികൾ എന്നിവയും ടവറിലുണ്ടാകും. 18 മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.
പൊതുമരാമത്ത് വകുപ്പിന്റെ തിരുവനന്തപുരം സ്‌പെഷ്യൽ ബിൽഡിംഗ്സ് വിഭാഗത്തിനാണ് നിർമാണ മേൽനോട്ടം. താലൂക്ക്ഓഫിസ്, റവന്യൂ ഡിവിഷണൽ ഓഫിസ്, ഇലക്ഷൻ ഓഫിസ് തുടങ്ങിയ വ ഉൾപ്പെടെയുള്ള സർക്കാർ കാര്യാലയങ്ങൾ ഇതോടെ ഒരു കുടക്കീഴിലാകും എന്നതാണ് ടവറിന്റെ പ്രധാന സവിശേഷത.
എം.എൽ.എമാരായ ഡി.കെ. മുരളി, ജി. സ്റ്റീഫൻ, നെടുമങ്ങാട് മുൻസിപ്പൽ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി ഉൾപ്പടെയുള്ള ജനപ്രതിനിധികൾ, ജില്ലാ കലക്ടർ, വിവിധ രാഷട്രീയ കക്ഷി നേതാക്കൾ, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.