എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ ജൈവകർഷകനായ രവീന്ദ്രൻ്റെ കൃഷിയിടത്തിൽ കൃഷി ചെയ്ത പരമ്പരാഗത കാർഷിക വിളകളുടെ വിളവെടുപ്പ് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് കൃഷി ചെയ്തത്.
തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ ഗ്രാമപഞ്ചായത്തിൻ്റെ തനതു ചീരയായ വ്ളാത്താങ്കര ചീര, വേങ്ങേരി വഴുതന, വെള്ള നിറമുള്ള മാലാഖ വഴുതന, ഒരു കിലോ വരെ തൂക്കമുള്ള നാടൻ കത്തിരി, താമരക്കണ്ണൻ ചേമ്പ്, നാടൻ കൂർക്ക, വെള്ളക്കാന്താരി മുളക്, മുള്ളൻ വെള്ളരി മുതലായ കാർഷിക വിളകളാണ് കൃഷി ചെയ്യുന്നത്. വൃക്ഷായുർവേദ വിധിപ്രകാരമുള്ള വളക്കൂട്ടുകളും കീടനാശിനികളും ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയിലാണ് കൃഷി.
കോട്ടുവള്ളി പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സെബാസ്റ്റ്യൻ തോമസ്, സുനിതാ ബാലൻ, ‘ പഞ്ചായത്തംഗം ജ്യോതി, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കാർഷിക വികസന സമിതി അംഗങ്ങളായ എൻ.എസ് മനോജ് നെല്ലിപ്പിള്ളി, എം.ജെ രാജു, സജീവ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ: ജൈവകർഷകനായ രവീന്ദ്രൻ്റെ കൃഷിയിടത്തിലെ വിളവെടുപ്പ് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്യുന്നു