ഇടുക്കി: സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ഉടുമ്പന്‍ചോലയിലെ മാട്ടുത്താവളത്ത് ആരംഭിക്കുന്നതിനു പ്രാരംഭ നടപടികള്‍ക്കു തുടക്കം. ഇതിനായി റവന്യൂ വകുപ്പില്‍ നിന്നും ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖ എം.എം മണി എം എല്‍ എ ആയൂര്‍വ്വേദ മെഡിക്കല്‍ വകുപ്പ് പ്രതിനിധി ഡോ: ആന്‍സി തോമസിനു കൈമാറി.

21 ഏക്കറില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ആയുര്‍വേദ മെഡിക്കല്‍ കോളേജാണ് മാട്ടുത്താവളത്ത് സ്ഥാപിക്കാന്‍ അനുമതിയായിരിക്കുന്നത്. 400 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇടുക്കി ജില്ലയുടെ ആരോഗ്യരംഗത്ത് വന്‍ കുതിപ്പ് ഉണ്ടാക്കുന്ന പദ്ധതിയാണ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജെന്ന് എംഎം മണി എം എല്‍ എ പറഞ്ഞു.

ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സജികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് വികസന സമിതി ചെയര്‍മാന്‍ എന്‍.പി സുനില്‍കുമാര്‍,ഇടുക്കി ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എന്‍ മോഹനന്‍,ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞ്, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ജെ ഷൈന്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു