വനഭൂമി കുടിയേറ്റം ക്രമീകരിക്കുന്നതിനായി കേരള ഭൂമി പതിവ് പ്രത്യേക ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ഏഴ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തനം 2023 മാർച്ച് 31 വരെ നീട്ടി. ഈ ഓഫീസുകളിലെ 203  താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഇടുക്കി ജില്ലയിലെ ആറും തൃശൂർ ജില്ലയിലെ ഒന്നും ഓഫീസുകളുടെ പ്രവർത്തനമാണ് 2023 മാർച്ച് വരെ ദീർഘിപ്പിച്ചത്.

174 താത്കാലിക തസ്തികകൾ ഇടുക്കി ജില്ലയിലും 29 താത്കാലിക തസ്തികകൾ തൃശൂർ ജില്ലയിലുമാണുള്ളത്. ഇടുക്കി ജില്ലയിലെ അഞ്ച് ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തനം 2023 മാർച്ച് 31 ന്  അവസാനിപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. കരിമണ്ണൂർ, രാജകുമാരി, കട്ടപ്പന, മുരിക്കാശേരി, നെടുങ്കണ്ടം ഓഫീസുകളാണ് പ്രവർത്തനം അവസാനിപ്പിക്കേണ്ടത്.

ശേഷം കരിമണ്ണൂർ ഓഫീസിലെ ഫയലുകൾ ഇടുക്കി എൽ.എ ഓഫീസിലേക്കും, രാജകുമാരി ഓഫീസില ഫയലുകൾ ദേവികുളം തഹസീൽദാർക്കും കൈമാറണം. കട്ടപ്പന, മുരിക്കാശേരി ഓഫീസുകളിലെ ഫയലുകൾ ഇടുക്കി തഹസീൽദാർക്കും നെടുങ്കണ്ടം ഓഫീസിലെ ഫയലുകൾ ഉടുമ്പൻചോല തഹസീൽദാർക്കും കൈമാറണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.