ആലപ്പുഴ: ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി 2021 ഒക്ടോബര്‍ രണ്ടിന്‌ രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും.

ഗാന്ധി സ്മൃതി മണ്ഡപസമിതിയുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കിയാണ് ദിനാഘോഷം നടത്തുന്നത്. ഗാന്ധി സ്മൃതി മണ്ഡപസമിതി വൈസ് ചെയര്‍മാനായിരുന്ന ദേവദത്ത് ജി പുറക്കാടിനെ ചടങ്ങില്‍ അനുസ്മരിക്കും.

യുണിവേഴ്‌സല്‍ സര്‍വീസ് എന്‍വയോണ്‍മെന്റല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുഞ്ഞിക്കയ്യില്‍ ഒരു കാന്താരി എന്ന പദ്ധതിയുടെ ഉദ്ഘാടനവും വിവിധ ഗാന്ധിയന്‍ സംഘടനകള്‍ സംയുക്തമായി നടത്തുന്ന ശാന്തിയാത്രയുടെ ഫ്‌ളാഗ് ഓഫും ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. ശാന്തിയാത്ര മുല്ലയ്ക്കല്‍ ക്വിറ്റ് ഇന്ത്യ സ്മാരകത്തില്‍ സമാപിക്കും.