ലോക സഞ്ചാരത്തിൻ്റെ അനുഭവകഥകൾ പങ്കുവെച്ച് ഗാന്ധിനഗറിലെ ചായക്കടയിൽ വിജയനും മോഹനയും മന്ത്രി മുഹമ്മദ് റിയാസിന് പ്രഭാത ഭക്ഷണം വിളമ്പിക്കൊടുത്തു. തൻ്റെ കടയിൽ നിന്ന് ഉപ്പുമാവും പഴവും ആവി പറക്കുന്ന ചായയും കഴിക്കാൻ മന്ത്രിയെത്തിയപ്പോൾ വിജയന് അഭിമാനവും സന്തോഷവും.
കൊച്ചി ഗാന്ധി നഗറിലെ ബാലാജി കോഫി ഹൗസിൽ നിന്ന് ലോകരാജ്യങ്ങളുടെ വിശാലമായ കാഴ്ചകളിലേക്ക് ഒരു സ്വപ്നത്തിലെന്നവണ്ണം നടത്തിയ വിജയൻ്റെയും മോഹനയുടെയും സഞ്ചാര കഥകൾ കേൾക്കാനാണ് മന്ത്രി എത്തിയത്. ഒപ്പം
കേരളത്തിൻ്റെ ടൂറിസം വികസനത്തിന് ഈ സഞ്ചാരങ്ങളുടെ അനുഭവം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചർച്ച ചെയ്യാനുമായിരുന്നു മന്ത്രിയുടെ സന്ദർശനം.
വലിയ അഭിമാനമാണ് ഈ നിമിഷത്തിൽ തോന്നുന്നതെന്ന് വിജയനും മോഹനയും പറഞ്ഞു.
കേരളത്തിലെ ടൂറിസം വികസനത്തിനായി ചില നിർദ്ദേശങ്ങളും വിജയൻ മന്ത്രിയ്ക്കു മുന്നിൽ വെച്ചു. വിജയേട്ടനെയും മോഹന ചേച്ചിയെയും നേരിൽ കാണണമെന്ന് നേരത്തേ ആഗ്രഹിച്ചിരുന്നതായി മന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങൾ സഞ്ചരിച്ചതിൻ്റെ അനുഭവം പങ്കുവെച്ച് കേരളത്തിലെ ടൂറിസം രംഗത്തിന് മാറ്റങ്ങളുണ്ടാക്കാൻ കഴിയുമോ എന്നു ചർച്ച ചെയ്യാനാണ് വിജയേട്ടനെ കാണാനാഗ്രഹിച്ചത്.
കേരളത്തിലെ ടൂറിസം രംഗത്തുണ്ടാകേണ്ട ഏറ്റവും വലിയ മാറ്റം ശുചിത്വമാണെന്ന് വിജയൻ മന്ത്രിയോട് പറഞ്ഞു. ശുചിത്വം പ്രധാന പ്രശ്നമാണ്. ടൂറിസം കേന്ദ്രങ്ങളിൽ മാത്രമല്ല നാടാകെ ശുചീകരിക്കുക സർക്കാരിൻ്റെ മാത്രമല്ല ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണെന്ന ബോധ്യമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ടൂറിസം വകുപ്പ് നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു.
വിദേശ സഞ്ചാരികളെ ആതിഥേയ മര്യാദയോടെ സ്വീകരിക്കണം. ഒരു സഞ്ചാരിയെ കണ്ടാൽ അവരെ ചൂഷണം ചെയ്യുന്നതിനു പകരം വീട്ടിലെ അംഗമെന്ന നിലയിൽ അതിഥിയായി കണ്ട് വിനയത്തോടെ പെരുമാറണം. ഇതിനു സഹായകമാകുന്ന വിധത്തിൽ ടൂറിസം പോലീസിംഗ് പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്. സഞ്ചാരികളെ തികഞ്ഞ മര്യാദയോടെ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും.
ബോട്ടുകളുടെ എണ്ണം വർധിപ്പിക്കണം. കേരളത്തിൻ്റെ ജലഗതാഗതത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
ബാക്കി നിർദ്ദേശങ്ങൾ എഴുതി അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു. രണ്ടു പേരും ഒരുമിച്ച് പോകുന്നത് വളരെ സന്തോഷകരമാണ്. നിർദ്ദേശങ്ങൾ പരിഗണിച്ച് വരുത്തേണ്ട മാറ്റങ്ങൾ നടപ്പാക്കും.
വൊളൻ്റിയർമാർ, തൊഴിലാളികൾ വ്യാപാരികൾ ജനപ്രതിനിധികൾ തുടങ്ങി ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെല്ലാം ബോധവത്കരണം നൽകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ കോളേജുകളിലും സ്കൂളുകളിലും ടൂറിസം ക്ലബ്ബുകൾ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് സർവകലാശാലകളുമായി ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു.
ചായക്കട നടത്തി ലഭിക്കുന്ന വരുമാനത്തിലൂടെ ലോകസഞ്ചാരം നടത്തി പ്രശസ്തരായ വിജയനും മോഹനയും കഴിഞ്ഞ 14 വർഷങ്ങൾക്കിടെ 25 രാജ്യങ്ങളാണ് സന്ദർശിച്ചത്. ചേർത്തലയിൽ നിന്ന് കടലും കായലും കപ്പലും ദ്വീപുകളുമുള്ള എറണാകുളത്തേക്ക് ജീവിതം പറിച്ചുനട്ടപ്പോൾ മുതലാണ് യാത്രകളും കാഴ്ചകളും വിജയനും മോഹനക്കും ഹരമാകുന്നത്. ചായക്കടയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൂട്ടി വെച്ച് തുടങ്ങിയ ലോകസഞ്ചാരത്തിന് നിരവധി അംഗീകാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്.
കോവിഡ് കാലത്തിൻ്റെ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മുടങ്ങിയ യാത്രകൾ വീണ്ടും തുടങ്ങുകയാണിവർ. റഷ്യയിലേക്കുള്ള യാത്രയ്ക്കായി തയാറെടുക്കുന്ന വിജയനും മോഹനയ്ക്കും ആശംസകൾ നേരാൻ കൂടിയാണ് മന്ത്രിയെത്തിയത്.