ചെറുകിട സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഭക്ഷ്യവ്യാപാരികളും നല്‍കുന്ന ബില്ലുകള്‍, ഇന്‍വോയിസുകള്‍, ക്യാഷ് മെമ്മോ, രസീതുകള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാര രേഖകളിലും സ്ഥാപനത്തിന്‍റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്ട്രേഷന്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ഈ നിബന്ധന രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റിയാണ് (എഫ്.എസ്.എസ്.എ.ഐ) രജിസ്ട്രേഷന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത്. ജി.എസ്.ടി ഇ-വേ ബില്ലുകളിലും സിസ്റ്റം ജനറേറ്റ് ചെയ്യുന്ന സര്‍ക്കാര്‍ രേഖകളിലും മാത്രമാണ് ഇതിന് ഇളവ് നല്‍കിയിട്ടുള്ളത്.
രജിസ്ട്രേഷന്‍/ ലൈസന്‍സ് നമ്പര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഉപഭോക്തൃ പരാതി സംവിധാനം ശക്തിപ്പെടുത്തുവാനും നിയമാനുസൃത സ്ഥാപനങ്ങളില്‍ നിന്നുമാത്രം ജനങ്ങള്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നതിനും വ്യാപാരികള്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതിനും സാഹചര്യം ഒരുങ്ങും. ഉപഭോക്താക്കളുടെ പരാതിയില്‍ സമയബന്ധിതമായി പരിഹാരം കാണുന്നതിനും പരിഷ്ക്കാരം പ്രയോജനപ്പെടുമെന്ന് എഫ്.എസ്.എസ്.എ.ഐ അധികൃതര്‍ വിലയിരുത്തുന്നു.
2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം ഏതൊരു ഭക്ഷ്യ ബിസിനസ് ആരംഭിക്കുന്നതിന് മുന്‍പും വ്യാപാരികള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്ട്രേഷന്‍ എടുക്കേണ്ടതും അത് ഉപഭോക്താക്കള്‍ കാണുന്നവിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. പായ്ക്ക് ചെയ്ത് വില്‍ക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും ലേബലില്‍ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് നമ്പര്‍ പ്രദര്‍ശിപ്പിക്കണം.
ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, തട്ടുകടകള്‍, തുടങ്ങി എല്ലാ ഭക്ഷണശാലകളും ബേക്കറി, മിഠായി വില്‍പ്പന, പലചരക്ക് സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ റീട്ടെയില്‍ സ്ഥാപനങ്ങളിലും ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ബോര്‍ഡ് നിര്‍ബന്ധമാക്കി. ഭക്ഷ്യസുരക്ഷാ ബോര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് ബിസിനസിന്‍റെ തരം അനുസരിച്ച് വിവിധ നിറം നല്‍കിയിട്ടുണ്ട്.
ഹോട്ടല്‍, റസ്റ്റോറന്‍റ് , തട്ടുകട, തെരുവോര കച്ചവടം(പര്‍പ്പിള്‍ നിറം). പഴം/പച്ചക്കറി (പച്ച നിറം), ഇറച്ചി വില്‍പ്പന (ചുവപ്പ് നിറം), പാല്‍ വില്‍പ്പന (നീല നിറം), ചെറുകിട പലചരക്ക് വ്യാപാരം (ചാര നിറം), മദ്യവില്‍പ്പന (തവിട്ട് നിറം), ട്രാന്‍സ്പോര്‍ട്ടേഷന്‍, വിതരണം (നേവി ബ്ലൂ), സ്റ്റോറേജ് (മഞ്ഞ നിറം), ഉത്പാദനം (ഹരിത നീലിമ നിറം) എന്നിങ്ങനെയാണ് നല്‍കിയിട്ടുള്ള നിറങ്ങള്‍. ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ എ3 വലുപ്പത്തിലും രജിസ്ട്രേഷന്‍ ഉള്ള സ്ഥാപനങ്ങള്‍ എ4 വലുപ്പത്തിലുമുള്ള ബോര്‍ഡുകളാണ് പ്രദര്‍ശിപ്പിക്കേണ്ടത്. ഇവയിലെല്ലാം തന്നെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തണം.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് എഫ്.എസ്.എസ്.എ.ഐ പോര്‍ട്ടലിലൂടെയും ഫുഡ് സേഫ്റ്റി കണക്ട് തുടങ്ങിയ ആപ്പുകളിലൂടെയും ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിനും സ്ഥാപനങ്ങള്‍ നിയമവിധേയമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുവാനും അല്ലെങ്കില്‍ ആയത് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും സാധിക്കും. ഒക്ടോബര്‍ ഒന്നിന് ശേഷമുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ മേല്‍ നിബന്ധനകള്‍ നിര്‍ബന്ധമാക്കുമെന്നും എറണാകുളം ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.