ആസാദി ക രംഗോലി പ്രദര്‍ശനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ദണ്ഡിയാത്രയും ഉപ്പുസത്യഗ്രഹവും പഴശ്ശി വിപ്ലവവും വിദേശ വസ്ത്ര ബഹിഷ്‌കരണവുമൊക്കെ നിറങ്ങളില്‍ പുനര്‍ജ്ജനിച്ചു. കാന്‍വാസിലെ കാഴ്ച്ചകളൊരുക്കുന്ന വഴിയിലൂടെ ആലപ്പുഴക്കാര്‍ ഗാന്ധിജയന്തി ദിനത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്ക് തിരികെ നടക്കും. ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെയും ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മെഗാ ചരിത്ര ചിത്ര പ്രദര്‍ശനം ആസാദ് ക രംഗോലി ഒക്ടോബര്‍ 2 ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ നടക്കും.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 28 ചിത്ര കലാ അധ്യാപകരുടെ നേതൃത്വത്തില്‍ ഏഴു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ തയ്യാറാക്കിയ 90 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. നാലു വിദ്യാഭ്യാസ ജില്ലകളിലായി നടന്ന ചിത്ര രചനാ ക്യാമ്പില്‍ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കുചേര്‍ന്നു. രണ്ടു മീറ്റര്‍ വീതിയും നീളവുമുള്ള തുണിയില്‍ അക്രിലിക്, എമല്‍ഷന്‍ മാധ്യമങ്ങളിലാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം രാവിലെ 10.30ന് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എല്‍.എ അധ്യക്ഷനാകും. ചിത്രരചനയില്‍ പങ്കെടുത്തവരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സാമൂഹ്യ ശാസ്ത്ര കൗണ്‍സില്‍ സെക്രട്ടറി ഐസക് ഡാനിയല്‍ ആമുഖ പ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എം.എസ്. പ്രിയ, മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആര്‍. വിനീത, വാര്‍ഡ് കൗണ്‍സിലര്‍ കെ. ബാബു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. ഷൈല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ. പ്രസന്ന്ന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, സര്‍വ്വശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി. കൃഷ്ണകുമാര്‍, ലിറ്റില്‍ കൈറ്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഋഷി നടരാജ്, വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.