കാസർഗോഡ്: വലിയ പറമ്പ് ദ്വീപിന്റെ യാത്രാ ദുരിതത്തിന് അറുതി വരുത്താൻ കിഫ്ബി പദ്ധതികളായി രണ്ട് റോഡ് പാലങ്ങൾ നിർമ്മിക്കാനായുള്ള ഇൻവസ്റ്റിഗേഷൻ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു. വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തകർന്ന തൂക്ക് പാലത്തിന് പകരം മാടക്കാൽ കടവിനെയും തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ് പ്രദേശത്തെയും ബന്ധിപ്പിച്ചും വലിയപറമ്പ് പഞ്ചായത്തിനെയും പടന്ന പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പടന്ന കടപ്പുറം തെക്കേക്കാട് പ്രദേശത്തും റോഡ് പാലം നിർമ്മിക്കാനുള്ള ഇൻവസ്റ്റിഗേഷൻ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
ലോക വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ച വലിയപറമ്പിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്തും തകർന്ന മാടക്കാൽ തൂക്ക്പാല ത്തിനും ഉപേക്ഷിക്കപ്പെട്ട തെക്കേക്കാട് തൂക്കുപാലത്തിനും പകരമായും നിർദിഷ്ട തീര ദേശപാത, ദേശീയപാത എന്നിവയുമായി ബന്ധിപ്പിക്കുന്നതിനാലുമാണ് ഈ റോഡ് പാലങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.
ഡിസൈനും ഡി.പി.ആറും കഴിഞ്ഞസർക്കാറിന്റെ കാലത്ത് തന്നെ പൂർത്തീകരിച്ച് സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോയ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഭീമനടി കാലിക്കടവ് പാലവും ഒരു ക്ലസ്റ്ററായി നടപ്പിലാക്കാനാണ് കിഫ്ബി തീരുമാനിച്ചത്.
രണ്ട് പ്രദേശത്തും 15 ലക്ഷം രൂപ വീതമുള്ള ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. എറണാകുളം ആസ്ഥാനമായ കമ്പനികളാണ് കരാറെടുത്തത്. തെക്കേക്കാട് പടന്നകടപ്പുറം പാലത്തിന്റെ കരാർ ജി.എസ്. ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയും, മാടക്കാൽ തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ് പാലത്തിന്റെ കരാർ എ.എ. ആൻഡ് എസ്. എന്ന കമ്പനിയുമാണ് കരാർ എടുത്തിട്ടുള്ളത്.
പദ്ധതി പ്രദേശങ്ങൾ എം. രാജഗോപാലൻ എം.എൽ.എ, വലിയ പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി. സജീവൻ, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ സലാം, വലിയ പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം അനിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പി.ഡബ്ല്യു.ഡി. ബിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ സുരേഷ്, അസിസ്റ്റന്റ് എഞ്ചിനീയർ സഹജൻ, ടി.പി. കുഞ്ഞബ്ദുല്ല, സി. നാരായണൻ, കെ.പി. ബാലൻ, കരാറെടുത്ത കമ്പനി പ്രതിനിധികളായ സന്തോഷ് കുമാർ, ജീൻ ജോർജ്, ജോളി മാത്യു എന്നിവർ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു.