കാസർഗോഡ്: നിലവിലുള്ള അംഗങ്ങൾക്ക് പുറമെ യുവത്വത്തെ കൂടി ഒപ്പം ചേർത്ത് പുതിയ ചുവടുവെപ്പ് നടത്തുകയാണ് കുടുംബശ്രീ മിഷൻ. മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിലും 18നും 40 വയസ്സിനും ഇടയിൽ പ്രായമുളള കുടുംബശ്രീയിൽ അംഗങ്ങളല്ലാത്ത വനിതകളെ ഉൾപ്പെടുത്തിയാണ് ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നത്. അഭ്യസ്തവിദ്യരായ യുവതികളുടെ തൊഴിൽരാഹിത്യം പരിഹരിക്കാനും സ്ത്രീ ശാക്തീകരണത്തിനും ഇതിലൂടെ ലക്ഷ്യമിടുന്നു. യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും സാമൂഹ്യ വികസനത്തിനും അവസരങ്ങൾ ലഭ്യമാകുന്ന വേദി ലക്ഷ്യമാക്കിയാണ് പദ്ധതിക്ക് രൂപം നൽകിയത്.

ഗാർഹിക അതിക്രമം, സ്ത്രീധനം ഉൾപ്പെടെ പൊതുവിഷയങ്ങളിൽ ഇടപെട്ടള പരിഹാരം കാണുന്നതിനുമുള്ള വേദിയായി ഓക്സിലറി ഗ്രൂപ്പുകൾ മാറും. ജാഗ്രതാസമിതി, ലഹരി വിരുദ്ധ ക്യാമ്പെയിനായ വിമുക്തി, സാംസ്‌കാരികവകുപ്പിന്റെ’സമം’പദ്ധതി തുടങ്ങി വിവിധ ക്യാമ്പെയിനുകളും പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിക്കാനും യുവജനകമ്മീഷൻ, യുവജന ക്ഷേമ ബോർഡ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികളുടെ നേട്ടങ്ങൾ കൈവരിക്കാനുള്ള വേദിയായി മാറാനും ഓക്സിലറി ഗ്രൂപ്പുകൾക്ക് സാധിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിച്ച് സുസ്ഥിര ഉപജീവനം സാധ്യമാക്കുക, അഭ്യസ്ത വിദ്യരായ സ്ത്രീകളുടെ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച് സ്ത്രീകളുടെ പദവി ഉയർത്തുക, വരുമാനദായക സാധ്യതകളെ കുറിച്ചുള്ള അറിവും അവസരങ്ങളും ഒരുക്കുക, സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഇടപെടാനുള്ള പൊതുവേദിയായി പ്രവർത്തിക്കുക, സമാന താൽപര്യമുള്ളവരുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് സംരംഭങ്ങൾ/ പ്രവർത്തനങ്ങൾ ആരംഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കുടുംബശ്രീ മിഷൻ മുന്നോട്ട് വെക്കുന്നത്.
18 നും 40നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അംഗത്വം ലഭിക്കുക.

ഒരു വീട്ടിൽ നിന്നും ഈ പ്രായത്തിലുള്ള ഒന്നിലധികം വനിതകൾക്ക് അംഗത്വം ലഭിക്കും.
നിലവിൽ കുടുംബശ്രീ അയൽക്കൂട്ട അംഗമായ 18 നും 40നും ഇടയിൽ പ്രായമുള്ള വനിതകൾ ഗ്രൂപ്പിൽ വീണ്ടും അംഗത്വമെടുക്കേണ്ടതില്ല. പരമവധി 50 പേരാണ് ഒരു ഗ്രൂപ്പിൽ ഉണ്ടാവുക. ടീം ലീഡർ, ടീം മെമ്പർ, ഫിനാൻസ്, ടീം മെമ്പർ, കോ-ഓർഡിനേഷൻ, ടീം മെമ്പർ, സാമൂഹ്യവികസനം, ടീം മെമ്പർ, ഉപജീവനം എന്നിങ്ങനെ അഞ്ച് അംഗ കമ്മറ്റി ഓരോ ഗ്രൂപ്പിലും ഉണ്ടാകും.

ഒരു വാർഡിൽ ഒരു ഗ്രൂപ്പ് എന്ന കണക്കിൽ ഗ്രൂപ്പ് രൂപീകരണത്തിന്റെ ചുമതല വാർഡിലെ എഡിഎസിനാണ്. പരിശീലനം ലഭിച്ച ആർ.പിമാർ, മിഷൻ സ്റ്റാഫ്, വാർഡ്മെമ്പർമാർ/ കൗൺസിലർമാർ, റെസിഡൻഷ്യൽ അസോസിയേഷൻ എന്നിവർക്കാണ് ഏകോപന ചുമതല. സിഡിഎസിന്റെ ശുപാർശയോടുകൂടി ജില്ലാ മിഷനിലാണ് ഗ്രൂപ്പ് രജിസ്റ്റർ ചെയ്യേണ്ടത്. മാസത്തിൽ രണ്ട് തവണ ഇവർ യോഗം ചേരണം.