എറണാകുളം: സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് ഒരു മാസം നീണ്ടുനില്‍ക്കുന്ന ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലീൻ ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയില്‍ നിന്നും 11000 കിലോഗ്രാം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
നെഹ്രുയുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന, ശുചിത്വമിഷന്‍, ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവ സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ ഉപയോഗപ്പെടുത്തി ജില്ലയില്‍ മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പുറമേ റസിഡന്‍റ്സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ ഉള്ളവരുടെ പ്രാതിനിധ്യം ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായി വീടുകള്‍ തോറും ബോധവത്ക്കരണപ്രവര്‍ത്തനങ്ങളും മാലിന്യ ശേഖരണവും നടത്തും. ഗ്രാമ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചരിത്ര സ്മാരകങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവ വൃത്തിയാക്കും. വിവിധ ജലസ്രോതസ്സുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
യോഗത്തില്‍ അസി. കളക്ടര്‍ സച്ചിന്‍ യാദവ്, നെഹ്രു യുവകേന്ദ്രയുടെ ജില്ലാ യൂത്ത് ഓഫീസര്‍ അശ്വിന്‍ കുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ എന്നിവര്‍ പങ്കെടുത്തു.