എറണാകുളം: ജില്ലയിൽ അടഞ്ഞ് കിടക്കുന്ന 10 പകൽ വീടുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാതല ലോക വയോജന ദിനാചരണം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പ്രായമായവരെ അവഗണിക്കാതെ ഒപ്പം ചേർക്കുകയും അവർക്ക് വേണ്ടി അല്പസമയം മാറ്റിവെക്കുകയും ചെയ്യണം. വാർദ്ധക്യത്തിൽ മാതാപിതാക്കളെ പരിചരിക്കേണ്ട ഉത്തരവാദിത്ത്വം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യയിൽ എല്ലാ പ്രായകാർക്കും തുല്യത എന്നതാണ് വയോജനദിനത്തിന്റെ മുദ്രാവാക്യം . സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വയോജനങ്ങളും വയോജന ഭവനങ്ങളുമുള്ളത് ജില്ലയിലാണ് . 119 വയോജന ഭവനങ്ങളിലായി 3402 അന്തേവാസികളാണ് ജില്ലയിലുള്ളത്.

കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡൻസിലെ അന്തേവാസികൾ ലളിതഗാനം, സംഘഗാനം, കിച്ചൻ ഓർകസ്ട്ര, ഫാഷൻ ഷോ തുടങ്ങി വിവിധ കലാപരിപാടികൾ അവരിപ്പിച്ചു.

കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡൻസിൽ നടന്ന പരിപാടിയിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.കെ. സുബൈർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസ് സൂപ്രണ്ട് എം.വി സ്മിത, ജില്ലാ പ്രൊബേഷൻ ഓഫീസർ വി എ ഷംനാദ്, ജില്ലാ വയോജന കൗൺസിൽ അംഗങ്ങളായ മണി ഷൺമുഖൻ , വേലായുധൻ നായർ, പി എൻ ചന്ദ്രശേഖരൻ, ഹൗസ് ഓഫ് പ്രെവിഡൻസ് മാനേജർ സിസ്റ്റർ വിമല വർക്കി തുടങ്ങിവർ പങ്കെടുത്തു.