കാക്കനാട്:  ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു.  ഷട്ടറുകള്‍ 50 സെ.മീ. വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ ദിവസം മാത്രം 90 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം അറിയിച്ചു. കുന്നത്തുനാട് താലൂക്കില്‍ മൂന്നും കണയന്നൂര്‍, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ ഒന്നു വീതവും  വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. 1.68 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  അതിശക്തമായ മഴ 13ാം തീയതിവരെ വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴിനും രാവിലെ ഏഴു മണിക്കുമിടയില്‍  മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. കടലില്‍ ഇറങ്ങരുത്. ജല നിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും ഇറങ്ങരുത്. മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ റോഡുകള്‍ക്കും ചാലുകള്‍ക്കുമരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. മരങ്ങള്‍ക്കുതാഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാനും നിര്‍ദ്ദേശമുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം അറിയിച്ചു.
അപകടമേഖലകളിലുള്ളവരോട് മാറിത്താമസിക്കുവാന്‍ ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ അമാന്തിക്കരുതെന്നും നിര്‍ദ്ദേശിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് താഴെ കൊടുത്തിട്ടുള്ള കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിക്കാവുന്നതാണ്. ജില്ല അടിയന്തിര ഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം നമ്പര്‍: 0484 2423513, ടോള്‍ ഫ്രീ നമ്പര്‍ 1077.  താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍: ആലുവ 0484 2624052, കണയന്നൂര്‍ 0484 2360704, കൊച്ചി 0484 2215559, കോതമംഗലം 0485 2822298, കുന്നത്തുനാട് 0484 2522224, മൂവാറ്റുപുഴ 0485 2813773, പറവൂര്‍ 0484 2442326.