കൊച്ചി: ഓഗസ്റ്റ് 15 നകം 45 പേര്‍ക്ക് പട്ടയം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അതിന് ശേഷം വിപുലമായ രീതിയില്‍ പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കൊച്ചി തഹസില്‍ദാര്‍ കെ.വി. അംബ്രോസ്  താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു. വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി ക്രമപ്രകാരമുള്ള പട്ടയം നല്‍കാന്‍ നടപടി സ്വീകരിച്ചു വരികയാണ്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭൂമി പതിച്ചു നല്‍കുന്നതിന് സത്വര നടപടി സ്വീകരിക്കും. ചെറായി ബീച്ചില്‍ കോസ്റ്റല്‍ പോലീസിനോ എക്‌സൈസിനോ ഔട്ട്‌പോസ്റ്റ് നിര്‍മ്മിക്കുന്നതിന് ഒരു സെന്റ് ഭൂമി ലഭ്യമാക്കുന്നതിന് പദ്ധതി നിര്‍ദേശം സമര്‍പ്പിക്കുന്നതിനനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ട്ട്‌കൊച്ചി ബസ് സ്റ്റാന്‍ഡിന്റെയും കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ശോച്യാവസ്ഥ പരിഹരിക്കണമെന്ന ജില്ല പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്റെ നിവേദനം കൊച്ചി കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തും. അംഗങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
പട്ടയപകര്‍പ്പ് ലഭ്യമല്ലെന്ന കാരണത്താല്‍ പോക്കുവരവ് അപേക്ഷയില്‍ നടപടി സ്വീകരിക്കാത്ത നിലപാട് ശരിയല്ലെന്ന് വികസന സമിതി അംഗം സച്ചു പറഞ്ഞു. ടിപ്പര്‍ ലോറികള്‍ സമയക്രമം പാലിക്കാത്തതിനെതിരേ നടപടി സ്വീകരിക്കണം. വൈപ്പിന്‍കരയുടെ പകുതിഭാഗമെങ്കിലും എറണാകുളം ട്രാഫിക് പോലീസിന്റെ പരിധിയിലേക്ക് മാറ്റണം. കേബിള്‍ കെ.എസ്.ഇ.ബിയുടെ സമ്മതമില്ലാതെ വൈദ്യുത പോസ്റ്റുകള്‍ ഉപയോഗിക്കുന്നതിനെതിരേ നടപടിയെടുക്കണം. കണ്ടല്‍ വെട്ടിനിരത്തുന്നതിനെതിരേ നടപടി സ്വീകരിക്കണം. ഗോശ്രീ പാലം ഭാഗത്ത് ഇതര സംസ്ഥാനത്തു നിന്നം വരുന്ന മത്സ്യം പരിശോധിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോര്‍പ്പറേഷന്‍ കൈവശരേഖ കൊടുത്തിട്ടുള്ള ഭൂമിയില്‍ ജില്ല കളക്ടര്‍ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചുവെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ത്യാഗരാജന്‍ പറഞ്ഞു. സ്‌കൂള്‍ അസംബ്ലിയില്‍ ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നല്‍കണം. കൊലോത്തും കടവ്-ആലുങ്കല്‍ ക്ഷേത്രത്തിനു സമീപം ശാരീരിക അസ്വാസ്ഥ്യമുള്ള കുട്ടിക്ക് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് അനുമതി ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും സോളിരാജ് ആവശ്യപ്പെട്ടു.
ആര്‍എംപി പുറമ്പോക്ക് അളന്നു തരണമെന്ന് എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. എളങ്കുന്നപ്പുഴ വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് പൊതുശൗചാലയം നിര്‍മ്മിക്കണം. വില്ലേജ് ഓഫീസിന്റെ മുന്‍വശത്തെ ഗ്രൗണ്ട് മണ്ണിട്ട് നികത്തണം. ഗോശ്രീ പരിസരത്ത് ബസ് ബേയും ട്രാഫിക് സംവിധാനവും ഏര്‍പ്പെടുത്തണം. കടല്‍ഭിത്തിയിലെ മണ്ണിന്റെ തടയിണ നന്നാക്കുവാന്‍ നടപടി സ്വീകരിക്കണം.
രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന അസീസി സ്‌കൂളില്‍ മിനി ഓമ്‌നിയിലും ഓട്ടോറിക്ഷയിലും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് തടയണം. സ്‌കൂളിന്റെ വടക്ക് വശത്ത് ഇരുമ്പ് തകിട് കൊണ്ടു നിര്‍മ്മിച്ച പാലത്തില്‍ കൂടി കുട്ടികളെ കൊണ്ടുപോകുന്നത് തടയണം.
രാമേശ്വരം വില്ലേജില്‍ അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുവാന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കണമെന്ന് ശെല്‍വന്‍ ആവശ്യപ്പെട്ടു. രാമേശ്വരം വില്ലേജ് ഓഫീസിലെത്തുന്ന ജനങ്ങള്‍ക്ക് ഇരിപ്പിട സൗകര്യം ഒരുക്കണം. പശ്ചിമമേഖലയില്‍ പള്ളുരുത്തി ഭാഗത്ത് വൈദ്യുതി മുടങ്ങുന്നതിനെതിരേയും ചിറക്കല്‍ ഭാഗത്ത് കുടിവെള്ളം മുടങ്ങുന്നതിനെതിരേയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈപ്പിന്‍കരയിലെ യാത്രാക്ലേശം അടിയന്തിരമായി പരിഹരിക്കണമെന്നും വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനത്തിന് അനുവാദം നല്‍കണമെന്നും പി.എസ്. പ്രകാശന്‍ ആവശ്യപ്പെട്ടു. ഗോശ്രീ ജംഗ്ഷനിലും മാലിപ്പുറത്തും ഭക്ഷ്യ സുരക്ഷ വിഭാഗം മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ കണ്ടെത്തുന്നതിനുള്ള പരിശോധന പരിശോധന നടത്തണം. കൂടാതെ ഗോശ്രീ ജംഗ്ഷനില്‍ മത്സ്യ പരിശോധനയ്ക്ക് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം. ചെറായി സഹോദര സ്മാരകത്തിലേക്കുള്ള പ്രവേശന റോഡ് വീതി കൂട്ടണം.
ഞാറയ്ക്കല്‍ പഞ്ചായത്തില്‍ പെരുമ്പിള്ളി കിഴക്ക് 1.80 ഏക്കര്‍ ഭൂമിയില്‍ മൂന്ന് സെന്റ് ഭൂമി വീതം വീതിച്ചുകൊടുക്കാന്‍ തീരുമാനിച്ചെങ്കിലും പഞ്ചായത്ത് നടപടി എടുത്തിട്ടില്ലെന്ന് ഭാസ്‌കരന്‍ മാലിപ്പുറം പറഞ്ഞു. അപകടാവസ്ഥയിലുളഅള വൈപ്പിന്‍ ബോട്ട് ജെട്ടി പൊളിച്ച് മാറ്റി പുതിയത് നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം മൂന്ന് കഞ്ചാവ് കേസുകള്‍ പിടിച്ചതായും സ്‌കൂള്‍ പരിസരത്ത് മഫ്ടിയില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഞാറയ്ക്കല്‍ എക്‌സൈസ് ഓഫീസര്‍ രാജീവ് യോഗത്തില്‍ അറിയിച്ചു. മട്ടാഞ്ചേരിയില്‍ രണ്ട് കേസുകളും ഫോര്‍ട്ട്‌കൊച്ചിയില്‍ അഞ്ച് കേസുകളും കഞ്ചാവുമായി ബന്ധപ്പെട്ട് എടുത്തിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊച്ചി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ഭാസ്‌കരന്‍ മാലിപ്പുറം അധ്യക്ഷത വഹിച്ചു. കൊച്ചി തഹസില്‍ദാര്‍ കെ.വി. അംബ്രോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജെറോം സി. എക്‌സ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.