കൊച്ചി: പ്രായമായ സ്ത്രീകളുടെ ഭാവി സംബന്ധിച്ച് കൂടുതല്‍ കരുതല്‍ വേണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. എറണാകുളം വൈ.എം.സി.എ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ 87 കാരിയുടെ പരാതി പരിഗണിക്കവെയാണ് ചെയര്‍പേഴ്‌സണ്‍ പ്രായമായ സ്ത്രീകളുടെ ഭാവി ജീവിതത്തെപ്പറ്റി ഉത്കണ്ഠ അറിയിച്ചത്.
ഏകമകളുടെ പേരില്‍ എഴുതി നല്‍കിയ പരാതിക്കാരിയുടെ ഒരു ഏക്കര്‍ വീടും പുരയിടവും മകള്‍ 80 ലക്ഷം രൂപയ്ക്ക് വിറ്റു. അമ്മയുടെ പേരില്‍ കുറച്ച് പണം ബാങ്കില്‍ നിക്ഷേപിക്കുകയോ പുനരധിവാസത്തിന് നടപടി സ്വീകരിക്കുകയോ ചെയ്തില്ല. മകളുടെ ഭര്‍ത്താവിന്റെ ബന്ധുവിന്റെ പേരിലുള്ള തകര്‍ന്ന വീട്ടിലാണ് അമ്മ ഇപ്പോള്‍ താമസിക്കുന്നത്. മകള്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും അദാലത്തില്‍ ഹാജരായില്ല.
വെങ്ങോല പഞ്ചായത്ത് അംഗത്തിനൊപ്പമാണ് ഇവര്‍ അദാലത്തിലെത്തിയത്. സൗജന്യ നിയമ സഹായം ലഭിക്കുന്നതിനായി കേസ് കെല്‍സയെ ഏല്‍പ്പിച്ചു. സ്വത്ത് മുഴുവന്‍ ലഭിച്ച ശേഷം മാതാപിതാക്കളെ വഴിയാധാരമാക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വനിതാ കമ്മീഷന്‍ ഈ മാസം 14ന് പരാതിക്കാരി താമസിക്കുന്ന വെങ്ങോലയിലെ വീട് സന്ദര്‍ശിക്കും.
78 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 24 എണ്ണം തീര്‍പ്പാക്കി. 13 പരാതികള്‍ക്ക് പോലീസില്‍ നിന്നും വിവിധ വകുപ്പ് മേധാവികളില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഞ്ച് പരാതികള്‍ക്ക് ആര്‍.ഡി.ഒ യില്‍ നിന്നും റിപ്പോര്‍ട്ട് തേടി. മൂന്ന് എണ്ണം കൗണ്‍സിലിംഗിന് വിളിക്കാന്‍ തീരുമാനിച്ചു. 33 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
കുടുംബ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികളായിരുന്നു ഭൂരിഭാഗവും. വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനു ശേഷം ബന്ധം വേര്‍പെടുത്താനായി ഭര്‍ത്താവ് നല്‍കിയ കേസില്‍ പരാതി നല്‍കിയ അടിമാലി സ്വദേശിനിയുടെ കേസില്‍ നിയമ നടപടി സ്വീകരിച്ചു. പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ പ്രസ്സില്‍ നിന്നും ലഭിച്ച പരാതിയും തീര്‍പ്പാക്കി. സുപ്രീം കോടതി അനുശാസിക്കുന്ന രീതിയില്‍ തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായുള്ള ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി ഇല്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.
പെരുമ്പാവൂര്‍ മുനിസിപ്പല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ സംരംഭകയുടെ സ്ഥാപനത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട പരാതിയും പരിഗണിച്ചു. സ്ഥാപനത്തിന്റെ പരസ്യം പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്ത രീതിയില്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ പരസ്യ ബോര്‍ഡുണ്ട്. 15 ദിവസത്തിനകം പരാതിക്കാരിയുടെ സ്ഥാപനത്തിന്റെ പരസ്യം പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തില്‍ സ്ഥലം വിട്ടു കൊടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്ന് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ് താര, ഇ.എം. രാധ, ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. സ്മിത ഗോപി, അഡ്വ. ഇ.എ അലിയാര്‍, അഡ്വ. ഖദീജ റിഷബത്ത്, വനിതാ സെല്‍ എസ്.ഐ സോണ്‍മേരി പോള്‍, സി.പി.ഒ മാരായ ബിന്ദു കെ.ആര്‍, സീന സലേഷ്യ എന്നിവര്‍ പങ്കെടുത്തു.