ജില്ലയിൽ 5308 പേർക്ക് മുൻഗണന കാർഡ്

കോട്ടയം: റേഷൻ കാർഡ് അനുവദിക്കുന്നതിലെ എല്ലാ ന്യൂനതകളും പരിഹരിച്ച് ശാസ്ത്രീയമായാണ് വിതരണം പുനക്രമീകരിച്ചിരിക്കുന്നതെന്നും അർഹർക്ക് ആനുകൂല്യം നഷ്ടപ്പെടില്ലെന്നും സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മുൻഗണനാ കാർഡുകൾ ഉടമകൾക്ക് വിതരണം ചെയ്യുന്നതിന്റെ കോട്ടയം താലൂക്കുതല വിതരണോദ്ഘാടനം കോട്ടയം നഗരസഭ കൗൺസിൽ ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പുനക്രമീകരണം നടത്തുമ്പോൾ മുൻഗണനാ പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ളവരെ പൂർണ്ണമായും ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം താലൂക്കിലെ അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരുന്നവരെ ഒഴിവാക്കി അർഹരായവർക്കാണ് കാർഡുകൾ വിതരണം ചെയ്തത്.
ജില്ലയിൽ അനർഹമായി കൈവശം വച്ചിരുന്ന 6925 മുൻഗണനാ കാർഡുകളാണ് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. നിലവിൽ 5308 പേർ മുൻഗണനാ വിഭാഗം കാർഡുകൾക്ക് അർഹരായിട്ടുണ്ട്. ഇതിൽ 563 എണ്ണം അന്ത്യോദയ അന്നയോജന കാർഡുകളാണ്. കോട്ടയം താലൂക്കിൽ 1616, ചങ്ങനാശ്ശേരി 741, മീനച്ചിൽ 692, വൈക്കം 1601, കാഞ്ഞിരപ്പള്ളി 658 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ പുതിയതായി വിതരണം ചെയ്യുന്ന മുൻഗണനാ കാർഡുകൾ.
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗങ്ങളായ ഷീജ അനിൽ, എൻ.എൻ. വിനോദ്, സിന്ധു ജയകുമാർ, എം.പി. സന്തോഷ് കുമാർ, സിൻസി പാറേൽ, നഗരസഭ സെക്രട്ടറി ആർ. രാജീവ്, സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി, താലൂക്ക് സപ്ലൈ ഓഫീസർ ആർ. ജയശ്രീ എന്നിവർ പങ്കെടുത്തു.