കോട്ടയം: സഹകരണ വകുപ്പിനു കീഴിലുള്ള എൻജിനീയറിങ് കോളേജുകളിൽ ആറു പുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കിടങ്ങൂർ എൻജിനീയറിങ് കോളജിൽ ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് കോഴ്സ് ആരംഭിച്ചതിന്റെ പ്രഖ്യാപനവും വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

എൻജിനീയറിങ് കോളജുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതിന് കോഴ്സുകളുടെ വൈവിധ്യവത്ക്കരണം ആവശ്യമാണ്. പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ തൊഴിൽ സാധ്യത കൂടിയ കോഴ്സുകളാണ് ആരംഭിക്കേണ്ടത്. ഇതിനായി കേപ്പിന്റെ (കോ- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ) നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. എൻജിനീയറിങ് കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പാക്കും- മന്ത്രി പറഞ്ഞു.

പഠനത്തിൽ സമർത്ഥരായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 വിദ്യാർഥികൾക്ക് ചടങ്ങിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ടെക്വിപ് ഫണ്ടിൽനിന്ന് 12.69 ലക്ഷം രൂപയാണ് ചെലവഴിച്ചാണ് ലാപ്ടോപ്പുകൾ നൽകിയത്. സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അദ്ധ്യക്ഷനായി. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.കെ.ജി. വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേപ്പ് ഡയറക്ടർ ഡോ. ആർ. ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.