ഇടുക്കിയിലെ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ പദ്ധതി തയ്യാറാക്കി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ സബ് സെന്ററായാണ് ജില്ലയില്‍ അക്കാദമി പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ ഇടുക്കി ജില്ലയില്‍ ഒരിടത്തും അക്കാദമി ആരംഭിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തുമായി ചേര്‍ന്നാണ് ഇത്തരമൊരു സ്ഥാപനം പ്രവര്‍ത്തിക്കാന്‍ പദ്ധതിയിടുന്നത്. ജനുവരിയിലേക്ക് ഇത് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും. സിവില്‍ സര്‍വീസ് പരിശീലനത്തോടൊപ്പം സര്‍ക്കാര്‍ തൊഴിലധിഷ്ഠിതമായ പരിശീലനങ്ങളും ഇവിടെ നല്‍കാന്‍ സാധിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെയും ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെയും നേതൃത്വത്തില്‍ പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ സൗകര്യങ്ങള്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്തിന് സമീപം പോളിടെക്നിക് കോളേജായി പ്രവര്‍ത്തിച്ചിരുന്ന ജില്ലാ പഞ്ചായത്തിന്റെ കെട്ടിടത്തിന്റെ രണ്ടാം നിലയാണ് പരിശീലനത്തിനായി പുനര്‍നിര്‍മ്മിക്കുന്നത്. 60 കുട്ടികള്‍ക്ക് പഠിക്കാനായുള്ള ക്ലാസ്സ് റൂം സൗകര്യമാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടു ക്ലാസ് റൂം, ഒരു കോണ്‍ഫറന്‍സ് ഹാള്‍ എന്നിങ്ങനെയാകും റൂമുകള്‍ സജ്ജീകരിക്കുക. കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍മിതി കേന്ദ്രയാണ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെജി സത്യന്‍, സെക്രട്ടറി അനില്‍കുമാര്‍, നിര്‍മിതി കേന്ദ്ര പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ബിജു, ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എന്‍ബി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.