കൊച്ചി: ഈ വര്‍ഷത്തെ ലോക ജനസംഖ്യാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലായ് 11) രാവിലെ 10 മണിക്ക് എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കെ.വി. തോമസ് എം.പി. നിര്‍വഹിക്കും.  ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
1987 ജൂലായ് 11 ന് ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ സ്മരണാര്‍ത്ഥമായാണ് എല്ലാ വര്‍ഷവും ജൂലായ് 11 ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്. അനിയന്ത്രിതമായ ജനപ്പെരുപ്പം ഉണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആഗോള തലത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസംഘടന 1989 ല്‍ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ‘കുടുംബക്ഷേമം മനുഷ്യാവകാശമാണ്’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. 1968 ല്‍ നടന്ന മനുഷ്യാവകാശത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫെറെന്‍സിലാണ് കുടുംബാസൂത്രണം മനുഷ്യാവകാശമായി പ്രഖ്യാപിച്ചത്. 2018ല്‍ ഇതിന്റെ അന്‍പതാം വാര്‍ഷികം ആചരിക്കുന്നതിനാലാണ് ഈ വര്‍ഷം കുടുംബക്ഷേമം മനുഷ്യാവകാശമാണെന്നുള്ള സന്ദേശം തിരഞ്ഞെടുത്തത്. സുരക്ഷിതവും, ഫലപ്രദവുമായ കുടുംബാസൂത്രണമാര്‍ഗങ്ങള്‍ ലഭ്യമാകുക എന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളിലൊന്നാണ്. എത്ര കുട്ടികള്‍, അവര്‍ തമ്മിലുള്ള പ്രായവ്യത്യാസം എന്നിവ സ്വതന്ത്രമായും ഉത്തരവാദിത്വത്തോടും കൂടി തീരുമാനിക്കാനുള്ള ദമ്പതികളുടെ അവകാശം ഒരു മനുഷ്യാവകാശമാണ് എന്ന് ദിനാചരണ സന്ദേശം നമ്മെ ഓര്‍മപ്പെടുത്തുന്നു.