കൊച്ചി: ബ്ലോക്ക് പഞ്ചായത്തുകളുടേയും ഗ്രാമ പഞ്ചായത്തുകളുടേയും കാര്‍ഷിക സംബന്ധമായ പദ്ധതികളെയും ധനസഹായങ്ങളെപ്പറ്റിയും കര്‍ഷകര്‍ക്ക് അറിവ് നല്‍കുന്നതിനും പദ്ധതികളില്‍ എല്ലാ കര്‍ഷകരുടേയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ കര്‍ഷക സഭകള്‍ സംഘടിപ്പിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സഭ നടത്തിയത്. പറവൂര്‍ ബ്ലോക്ക് കര്‍ഷക സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിളളിയും പള്ളുരുത്തി ബ്ലോക്ക്തല കര്‍ഷക സഭ പ്രസിഡന്റ് സി.എസ് പീതാംബരനും ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രതിസന്ധികള്‍ പങ്കുവയ്ക്കാനും ശാശ്വത പരിഹാരം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംവദിക്കാനുള്ള വേദിയാണ് കര്‍ഷക സഭകള്‍ എന്ന് അഡ്വ. യേശുദാസ് പറപ്പിള്ളി പറഞ്ഞു. ക്ഷീരകര്‍ഷക മേഖലയില്‍ ഡിസംബറില്‍ സ്വയംപര്യാപ്തത നേടാനാണ് ഉദ്ദേശം. കര്‍ഷകര്‍ക്ക് ആവശ്യമായ പണം വകയിരുത്തി മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ വലിയ വിജയം നേടാനാകും. കാര്‍ഷിക മേഖലയില്‍ നല്ല രീതിയില്‍ ഇടപെടാന്‍ കഴിയുന്ന പ്രദേശമാണ് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റേത്. കര്‍ഷകരുടെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെയും ബന്ധപ്പെട്ട ഏജന്‍സികളുടേയും മുന്നില്‍ വയ്ക്കാനുള്ള വലിയൊരു വേദിയാണ് കര്‍ഷക സഭകളെന്നും അദ്ദേഹം പറഞ്ഞു. പറവൂര്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മായ എസ്. നായര്‍ പദ്ധതി വിശദീകരണം നടത്തി.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ കര്‍ഷക ആനുകൂല്യങ്ങളെപ്പറ്റിയുള്ള വിശദീകരണം സഭയില്‍ നടന്നു. ബ്ലോക്കുകളുടെ ഗ്രാമ പഞ്ചായത്തുകളിലെ കര്‍ഷക സമിതി അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. പഞ്ചായത്തുകളുടേയും ബ്ലോക്കിന്റെയും കീഴിലുള്ള പദ്ധതികളെ സംബന്ധിച്ച് വിശദീകരണവും അതിന്റെ അടിസ്ഥാനത്തില്‍ കൃഷിക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു കൊടുക്കണമെന്ന ഉദ്ദേശവുമായിട്ടാണ് കര്‍ഷക സഭ സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ തീരുമാനപ്രകാരം തരിശായി കിടക്കുന്ന കൃഷിഭൂമികള്‍ ഉടമസ്ഥരുടെ അനുവാദ പ്രകാരം കര്‍ഷക സംഘങ്ങള്‍, പാടശേഖര സമിതികള്‍ എന്നിവര്‍ക്ക് വിട്ടു നല്‍കി കൃഷിയോഗ്യമാക്കാവുന്നതാണെന്ന് സഭാംഗങ്ങള്‍ പറഞ്ഞു. പള്ളുരുത്തി ബ്ലോക്കിന് കീഴില്‍ ഇന്നോവേഷന്‍ പ്രൊജക്ടിന്റെ ഭാഗമായി കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ ഒരു പാടശേഖര സമിതിക്ക് പെട്ടിയും പറയും നല്‍കി. 78 മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ പാടത്ത് തങ്ങി നില്‍ക്കുന്ന വെള്ളം വറ്റിച്ചിരുന്ന കര്‍ഷകന് പെട്ടിയും പറയും ഉപയോഗിച്ച് 5 മണിക്കൂര്‍ കൊണ്ട് മുഴുവന്‍ വെള്ളവും വറ്റിക്കാന്‍ സാധിക്കും. കുമ്പളങ്ങിയില്‍ നല്‍കിയിരിക്കുന്ന പെട്ടിയും പറയും സംവിധാനം മറ്റ് കര്‍ഷക സംഘങ്ങള്‍ക്കും ഉപയോഗിക്കാം.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രശ്മി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, ചിറ്റാറ്റുകര വൈസ് പ്രസിഡന്റ് ട്രീസ ബാബു, ഏഴിക്കര വൈസ് പ്രസിഡന്റ് നാരായണന്‍ മാസ്റ്റര്‍, ചേന്ദമംഗലം വൈസ് പ്രസിഡന്റ് നിതാ സ്റ്റാലിന്‍, കോട്ടുവള്ളി വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷെറിന്‍ അബ്ദുല്‍കരീം, പി.എല്‍.ഡി.എ വൈസ് ചെയര്‍മാന്‍ ദിനകരന്‍ കെ.എം,  ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ആര്‍ സൈജന്‍, ഗീത സന്തോഷ്, പറവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സോഫിയ എ.എ, ബി.ടി.എം ശരത് എന്നിവര്‍ പങ്കെടുത്തു.