വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിന് തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ്ജ് പോള്‍ അധ്യക്ഷനായിരുന്നു.

ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യ അതിഥിയായിരുന്നു. പാറേമാവ് – ചെറുതോണി തോടാണ് ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയത്. മെഡിക്കല്‍ കോളേജിന്റെ മുന്നിലൂടെ ഒഴുകുന്ന തോട് തൊഴിലുറപ്പ് അംഗങ്ങളും ഹരിതകര്‍മ സേനാംഗങ്ങളും ചേര്‍ന്നു വൃത്തിയാക്കി. ജില്ലയിലുടനീളമുള്ള വിവിധ നീര്‍ച്ചാലുകള്‍ ഇത്തരത്തില്‍ വൃത്തിയാക്കി. ഈ തോടിനു കുറുകെ നിര്‍മിച്ചിരിക്കുന്ന ചെക് ഡാം 2018 ലെ പ്രളയത്തില്‍ തകര്‍ന്ന് പോയിരുന്നു. ഇത് വൃത്തിയാക്കി പുനര്‍ നിര്‍മ്മിക്കുന്നതോടെ മെഡിക്കല്‍ കോളേജിലേക്ക് ശുദ്ധജലം ഈ ഡാമില്‍ നിന്നെടുക്കാന്‍ സാധിക്കും. ഇതിന്റെ സാധ്യത ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യനും ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ജി സത്യനും ആര്‍എംഒ ഡോ. അരുണും ചേര്‍ന്ന് പരിശോധിച്ചു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി സത്യന്‍, ഹരിത കേരളം മിഷന്‍ ഡിഎംസി ഡോ. ജിഎസ് മധു, ശുചിത്വ മിഷന്‍ ഡിഎംസി ജസീര്‍ പിവി, മെഡിക്കല്‍ കോളേജ് ആര്‍എംഒ അരുണ്‍ എസ്, വൈസ് പ്രസിഡന്റ് മിനി ജേക്കബ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിജി ചാക്കോ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലിസ് ജോസഫ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ നിമ്മി ജയന്‍, പ്രഭ തങ്കച്ചന്‍, രാജു കല്ലറയ്ക്കല്‍, നൗഷാദ് ടി, തുടങ്ങിയവര്‍ പങ്കെടുത്തു.