ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി ഒക്ടോബർ 31 വരെ നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
പരിപാടിയുടെ ഭാഗമായി ജില്ലയിലെ 100 റസിഡൻഷ്യൽ അസോസിയേഷൻ്റെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രചരണവും സൈക്കിൾ റാലിയുമാണ് സംഘടിപ്പിച്ചത്. ഇതിന് പുറമെ ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻ്ററി, കോളേജുകൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന ലഹരിവിരുദ്ധ അംഗങ്ങളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ പ്രചരണ പരിപാടി നടന്നു.
വാർഡ് തല ജാഗ്രതാ കമ്മിറ്റിയുടെ സഹകരണത്തോടെ ലഹരി ആസക്തി ഉള്ളവരെ കണ്ടെത്തി ചാലക്കുടി വിമുക്തി ഡി അഡിക്ഷൻ സെൻ്ററിൽ എത്തിക്കുക എന്നതാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ലക്ഷ്യം.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ ലതചന്ദ്രൻ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ പ്രേംകൃഷ്ണ, അസിസ്റ്റൻ്റ് കമീഷണർ പി കെ ഹരികുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാധാ വിശ്വംഭരൻ, നന്ദിനി സതിശൻ, ഹെഡ്മിസ്ടിസ് സി എം ഷാലി എന്നിവർ സംസാരിച്ചു. വിമുക്തി കോ-ഓർഡിനേറ്റർ കെ കെ രാജു, പി ടി എ പ്രസിഡൻ്റ് സി ആർ ബാബു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം റിയാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. റാലി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച് നന്തിക്കര-പുതുക്കാട് വഴി നന്തിക്കര ഹൈസ്കൂളിൽ സമാപിച്ചു.