കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഒക്‌ടോബർ നാല്, അഞ്ച് തീയതികളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ മഴ ലഭിക്കാനുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഒക്ടോബർ ഏഴുവരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.