ജില്ലയിൽ ബാങ്ക് നിക്ഷേപങ്ങളില്‍ 1491 കോടിയുടെ വര്‍ധനവ്

മലപ്പുറം: സാധാരണക്കാരായ ജനവിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ചെറുകിട വായ്പകള്‍ കൂടുതലാളുകള്‍ക്ക് നല്‍കാന്‍ ജില്ലയിലെ ബാങ്കുകള്‍ തയ്യാറാകണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. ജൂണ്‍ പാദ ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-പട്ടികവിഭാഗം, വനിതകള്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ എന്നിവര്‍ക്ക് തടസരഹിതമായി വായ്പകള്‍ ലഭ്യമാക്കണം. വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. സാമൂഹിക സുരക്ഷ പദ്ധതികള്‍ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കണം. ജില്ലയിലെ കര്‍ഷകരുടെ വരുമാനം 2022 ആകുമ്പോഴേക്കും ഇരട്ടിയാക്കുന്നതിനായി വായ്പകള്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കണം. തെരുവോര കച്ചവടക്കാരുടെ ഉന്നതിക്കായുള്ള പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കണമെന്നും വികസന കമ്മീഷണര്‍ നിര്‍ദേശം നല്‍കി. സാമ്പത്തിക ശേഷിയില്ലാത്തവരുടെ ക്ഷേമം കണക്കിലെടുത്ത് ബാങ്കുകള്‍ നിയമപരമായും മാനുഷികമായും നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ വികസനകമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.എന്നാല്‍ കോവിഡ് സാഹചര്യമായതിനാല്‍ വായ്പ അനുവദിക്കുന്നതില്‍ കുറവുണ്ടായെന്നും വിവിധ ബാങ്കുകളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു

ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 1491 കോടി വര്‍ധിച്ചു 45767 കോടിയായതായി യോഗം വിലയിരുത്തി. ഇതില്‍ പ്രവാസി നിക്ഷേപമാണ് കൂടുതലെന്നും യോഗം വിലയിരുത്തി. ജില്ലയിലെ പ്രവാസി നിക്ഷേപം കഴിഞ്ഞ പാദത്തേക്കാള്‍ വര്‍ധനവാണുള്ളത്. 13886 കോടി രൂപ പ്രവാസി നിക്ഷേപമാണ്. മാര്‍ച്ച് പാദത്തില്‍ 13302 കോടി രൂപയായിരുന്നു പ്രവാസി നിക്ഷേപം. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 59.88 ശതമാനമാണ്. കേരള ഗ്രാമീണ ബാങ്കില്‍ 70 ശതമാനവും കനറബാങ്കില്‍ 64 ശതമാനവും എസ്ബിഐയില്‍ 33 ശതമാനവും ഫെഡറല്‍ ബാങ്കില്‍ 26 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 43 ശതമാനവുമാണ് വായ്പാ നിക്ഷേപ അനുപാതം. വാര്‍ഷിക ക്രെഡിറ്റ് പ്ലാനിന്റെ 19 ശതമാനം ജില്ലയിലെ ബാങ്കുകള്‍ക്ക് നേടാനായിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ 1633 കോടിയാണ് വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കിയത്. മറ്റ് വിഭാഗങ്ങളില്‍ 1619 കോടി വായ്പയും നല്‍കിയിട്ടുണ്ട്.

യോഗത്തില്‍ ആര്‍.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ പ്രദീപ് കൃഷ്ണ മാധവു, നബാഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, കനറാ ബാങ്ക് എ.ജി.എം ഷീബ സഹജന്‍, ലീഡ് ബാങ്ക് മാനേജര്‍ പി.പി ജിതേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.