വില്ലേജ് ഓഫീസുകള്‍ക്കായി 20 ലക്ഷം രൂപ അനുവദിച്ചു
കോഴിക്കോട്: എലത്തൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് വില്ലേജ് ഓഫീസുകള്‍ക്കായി പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ചേളന്നൂര്‍ വില്ലേജ് ഓഫീസിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും എലത്തൂര്‍ വില്ലേജ് ഓഫീസിന്റെ അറ്റകുറ്റപണിയ്ക്കായി 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് മണ്ഡലത്തിലെ നന്മണ്ട വില്ലേജ് ഓഫീസ് ഇതിനകം സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റിയിട്ടുണ്ട്. കാക്കൂര്‍, ചേളന്നൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരികയാണ്.
പോലീസ് കംപ്ലയിന്റ് അതോറിറ്റി 30 കേസ് പരിഗണിച്ചു
കോഴിക്കോട് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി മൂന്ന് ദിവസങ്ങളിലായി (ഒക്ടോബര്‍ 4,5,6) നടത്തുന്ന സിറ്റിംഗിന്റെ ആദ്യ ദിനത്തില്‍ 30 കേസ് പരിഗണിച്ചു. ഇന്നലെ (ഒക്ടോ.4) ആറ് പേരാണ് ഹാജരായത്. മൊത്തം 80 പരാതികളാണ് ലഭിച്ചത്. ബാക്കി പരാതികള്‍ വരും ദിവസങ്ങളില്‍ പരിഗണിക്കും. ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജഡ്ജ് പി.എസ് ദിവാകരന്‍ കേസുകള്‍ പരിഗണിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ഹുസൂര്‍ ശിരസ്തദാര്‍ വി.എം നന്ദകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്
കേരള വനിതാ കമ്മീഷന്‍ ഒക്ടോബര്‍ 11, 12 തീയതികളില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.
ഐടിഐ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2021 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തിനുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ഗവ.വനിതാ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് www.womenitikozhikode.kerala.gov.in.
മാവൂര്‍ ബഡ്സ് സ്‌കൂള്‍ ശുചീകരിച്ചു
നെഹ്റു യുവകേന്ദ്രയും മാവൂര്‍ ഫേമസ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബും സംയുക്തമായി ജല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മാവൂര്‍ ബഡ്സ് സ്‌കൂളും പരിസരവും ശുചീകരിക്കുകയും മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തു. കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യൂ.എച്ച്, മുക്കം കെ.എം.സി.ടി എന്നീ പോളിടെക്നിക് കോളേജുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും പരിപാടിയുടെ ഭാഗമായി. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി എം.പി, നെഹ്റുയുവ കേന്ദ്ര കുന്ദമംഗലം ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ശരത്, വിഷ്ണു, അഭിശാഖ്, അസ്ലം, അബ്സാരി, മനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ലെയ്സണ്‍ ഓഫീസര്‍ നിയമനം
നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മാഹി – അഴിയൂര്‍ ബൈപ്പാസിന്റെ ഒന്നാംഘട്ട ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരം നല്‍കിയതു സംബന്ധിച്ച് കോഴിക്കോട് ജില്ലാ ആര്‍ബിട്രേറ്ററായ ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥലമുടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിന് ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നു.
റവന്യൂ വകുപ്പില്‍നിന്ന് ഡെപ്യൂട്ടി കലക്ടര്‍ റാങ്കില്‍ വിരമിച്ച പരിചയമസമ്പന്നരായ വ്യക്തികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ സഹിതം ഒക്ടോബര്‍ 12 നു വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ കലക്ടര്‍, കലക്ടറേറ്റ് കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് കലക്ടറേറ്റിലെ ലാന്റ് അക്വിഷിസന്‍ സെക്ഷനുമായി ബന്ധപ്പെടുക.
കാര്‍ഷിക മേഖലയില്‍ നവീന ആശയങ്ങളും ശുപാര്‍ശകളും ക്ഷണിക്കുന്നു
പതിനാലാം പഞ്ചവത്സര പദ്ധതിയുമായും 2022-23 വാര്‍ഷിക പദ്ധതിയുമായും ബന്ധപ്പെട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കുന്നതിനായി നിലവിലെ പദ്ധതികളില്‍ മാറ്റം വരുകയാണ്. പദ്ധതി നവീകരണത്തിന്റെ ഭാഗമായി നവീന ആശയങ്ങളും ശുപാര്‍ശകളും ക്ഷണിക്കുന്നു.
പുരോഗമന കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ താല്‍പര്യമുള്ള വിഭാഗങ്ങള്‍ക്കും അതത് ജില്ലകളുടെ വാട്സ്ആപ് നമ്പര്‍ വഴി ഒക്ടോബര്‍ ആറിനകം സമര്‍പ്പിക്കാവുന്നതാണ്.
തിരുവനന്തപുരം 9447242231, കൊല്ലം 9446082795, പത്തനംതിട്ട 9495682793, ആലപ്പുഴ 9495211432, കോട്ടയം 9383470706, എറണാകുളം 9446502252, ഇടുക്കി 9447980027, തൃശൂര്‍ 9446537419, മലപ്പുറം 9447596515, പാലക്കാട് 9745311595, കോഴിക്കോട് 9383471781, കണ്ണൂര്‍ 9400528619, വയനാട് 9447186498, കാസര്‍ഗോഡ് 9744961357.