സംഗീതജ്ഞനും ഗായകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ വി.കെ. ശശിധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനകീയ സംഗീതത്തിന്റെ പ്രയോക്താവായിരുന്നു വി.കെ. ശശിധരൻ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ബാലസംഘത്തിന്റെയും കുട്ടികൾക്ക് ലളിതമായി സംഗീതത്തിന്റെ പാഠം അദ്ദേഹം പകർന്നുനൽകി.

സാമൂഹിക മൂല്യം ഉൾക്കൊള്ളുന്നതും ജീവിതഗന്ധിയുമായ പാട്ടുകൾ തിരഞ്ഞെടുത്ത് സംഗീതം നൽകി അവതരിപ്പിച്ച വി.കെ.എസ്. ഇടശ്ശേരിയുടെ പൂതപ്പാട്ട് അടക്കമുള്ള നിരവധി കവിതകൾ കൂടുതൽ ജനകീയമാക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. ശാസ്ത്രതത്വങ്ങളും സാമൂഹിക മൂല്യങ്ങളും കൂടുതൽ പ്രചരിപ്പിക്കപ്പെടേണ്ട ഈ കാലത്ത് വി.കെ.എസ്സിനെ പോലുള്ള അർപ്പിതമനസ്‌കനായ സംഗീത കലാകാരന്റെ വിയോഗം കേരളത്തിന് പൊതുവിൽ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വി.കെ. ശശിധരന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു

ജനകീയ ഗായകനും സംഗീത സംവിധായകനുമായ വി. കെ. ശശിധരന്റെ നിര്യാണത്തിൽ സ്പീക്കർ എം. ബി. രാജേഷ് അനുശോചിച്ചു. ശാസ്ത്ര പ്രചാരണത്തിനും മറ്റ്  ബോധവത്കരണ പരിപാടികൾക്കും  സംഗീതം ഏറ്റവും മികച്ച രീതിയിൽ പ്രയോഗിച്ച കലാകാരനാണ് അദ്ദേഹം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സന്ദേശങ്ങൾ മലയാളികളുടെ മനസ്സിൽ പതിയുന്നതിൽ അദ്ദേഹത്തിന്റ സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ബെർതോൾഡ് ബ്രെഹ്ത് മുതൽ മലയാളത്തിലെ  പ്രമുഖരുടെ കവിതകൾ വരെ അദ്ദേഹത്തിന്റെ സംഗീതത്തിലൂടെ  മലയാളികളുടെ ബോധമണ്ഡലത്തിൽ പതിഞ്ഞിട്ടുണ്ട്.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥകൾക്ക് ഏറെക്കാലം  അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ അദ്ദേഹത്തിന്റെ മനോഹരമായ സംഗീതാവിഷ്‌കാരത്തിലൂടെയും ശബ്ദത്തിലൂടെയുമാണ്  കേരളത്തിൽ ഇത്രയേറെ പ്രചാരം നേടിയത്.

കവിതയുടെ അന്തരാത്മാവിനെ  തിരയുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീതപ്രയോഗം. ബന്ധുക്കളുടെയും കലാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കു ചേർന്നതായി സ്പീക്കർ അറിയിച്ചു.

വി. കെ. ശശിധരന്റെ നിര്യാണത്തിൽ  അനുശോചിച്ചു

ഗായകനും,  സാംസ്്കാരിക പ്രവർത്തകനുമായ വി.കെ. ശശിധരന്റെ നിര്യാണത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പരിഷത്ത് കലാജാഥകൾക്കും അനവധി ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.

കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച, സംസ്‌കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യമായിരുന്ന വി.കെ ശശിധരന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി അറിയിച്ചു.