മുതുതല ഗ്രാമ പഞ്ചായത്തില്‍ 2017- 18 കാലയളവില്‍ ഉത്പാദന-സേവന-പശ്ചാത്തല മേഖലകളിലായി 3.80 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി 90 ശതമാനവും നടപ്പാക്കിയതായി മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തരിശ് പാടങ്ങളില്‍ നെല്‍കൃഷി ചെയ്തവര്‍ക്ക് 30000 രൂപ ധനസഹായവും നല്‍കി.പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിന് തൊഴിലുറപ്പ് മേഖലയില്‍ ഉള്‍പ്പെടുത്തി 234 കിണര്‍ നിര്‍മാണം പുരോഗമിച്ചു വരുന്നുണ്ട്. കിണര്‍ റീച്ചാര്‍ജിങ് പ്രവൃത്തികളും നടക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പരമാവധി പേര്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.
ഒമ്പത്,10 ക്ലാസുകളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 50 സൈക്കിളും, വയോജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനറല്‍- പട്ടികജാതി വിഭാഗത്തിലെ വയോധികര്‍ക്ക് 100 കട്ടിലും പഞ്ചായത്തില്‍ വിതരണം ചെയ്തു. ആരോഗ്യമേഖലയില്‍ മൂന്ന് പ്രദേശങ്ങളിലായി മുതുതല പ്രാഥമികാരോഗ്യ കേന്ദ്രവും കൊടുമുണ്ടയില്‍ ആയുര്‍വേദ ആശുപത്രിയും പെരുമൂടിയൂരില്‍ ഹോമിയോ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ദിവസേന ഇരുന്നൂറോളം രോഗികള്‍ വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടത്തിനുളള സ്ഥലമേറ്റെടുപ്പിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹോമിയോ ആശുപത്രിയുടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുകയും ആയുര്‍വേദ-ഹോമിയോ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്തു.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ മേഖലകളിലായി 191 പദ്ധതികളില്‍ 1.64കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പഞ്ചായത്തിലെ കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ യൂനിറ്റുകള്‍, മറ്റു ജനവിഭാഗങ്ങള്‍ എന്നിവരെ യോജിപ്പിച്ച് ജൈവപച്ചക്കറി കൃഷി തുടങ്ങി സ്വന്തം വീട്ടാവശ്യത്തിന് വിഷരഹിത പച്ചക്കറിയെന്ന പദ്ധതി വിജയിപ്പിക്കാന്‍ സാധിച്ചു. പഞ്ചായത്തിലെ 68 ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്തതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീ കര്‍ഷകര്‍ക്കുള്ള ‘ഫാര്‍മേഴ്സ് ഫെസിലിറ്റി സെന്റര്‍ തുടങ്ങി.
സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പെരുമുടിയൂര്‍- മുതുതല മേഖലയിലെ രണ്ട് ബൃഹത് കുടിവെള്ള പദ്ധതികളും 63 മിനി കുടിവെള്ള പദ്ധതികളും യാഥാര്‍ഥ്യമായതോടെ 50 മീറ്ററില്‍ കുടിവെള്ളം എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു. വൃദ്ധ-ഭിന്നശേഷിക്കാരുടെ ആരോഗ്യ പരിപാലനത്തിനും കുട്ടികളുടെ (ഭിന്നശേഷി ) വിദ്യാഭ്യാസത്തിനും ധനസഹായം നല്‍കി.
കലാ-സാംസ്‌ക്കാരിക മേഖലയില്‍ കൊടുമുണ്ടയിലെ കുഞ്ഞന്‍നായര്‍ സ്മാരക വായനശാലയും നാലങ്ങാടി സംഗീതശാലയും മുതുതല യുവസമാജം വായനശാലയും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. സമൂഹത്തിന്റെ നാനാ മേഖലകളിലും മുതുതല ഗ്രാമപഞ്ചായത്തില്‍ സുസ്ഥിര വികസനത്തിനും സുതാര്യ ക്ഷേമ പ്രവര്‍ത്തനത്തിനും ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.