പത്തനംതിട്ട: ലോക വയോജന ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന മുതിര്‍ന്ന പൗരന്മാരെ പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളകടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പൊന്നാടയും പ്രശസ്തി ഫലകവും നല്‍കി ആദരിച്ചു. സാമൂഹ്യനീതി വകുപ്പും തിരുവല്ല, അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക വയോജന ദിനം ആചരിച്ചിരുന്നു.

അധ്യാപികയും കുടുംബശ്രീ എഡിഎസ് സെക്രട്ടറിയും സാഹിത്യകാരിയുമായ മഹിളാമണിയമ്മ(74), ആതുരസേവന പ്രവര്‍ത്തകയും വയോധികരായ സ്ത്രീകള്‍ക്ക് വേണ്ടി മുക്കൂട്ടുതറയില്‍ പ്രവര്‍ത്തിക്കുന്ന വിമല ഭവന്‍ സ്ഥാപനത്തിന്റെ ഇന്‍ ചാര്‍ജുമായ സിസ്റ്റര്‍ ആന്‍സി ജോര്‍ജ് (75), പടയണി കലാകാരനായ കല്ലൂപ്പാറ മഞ്ചാടിയില്‍ വീട്ടില്‍ അപ്പുക്കുട്ടന്‍ പിള്ള(72), കായിക താരവും മുന്‍ വായുസേന ഫ്‌ളൈയിങ് ഓഫീസറുമായ പി.സി.മാത്യു(77), അധ്യാപകനും കവിയും ഗാനരചയിതാവുമായ കോടിയാട്ട് രാമചന്ദ്രന്‍(71) എന്നിവരെയകണ് പൊന്നാടയും പ്രശസ്തി ഫലകവും നല്‍കി ആദരിച്ചത്.

സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ഷംലാ ബീഗം, സാമൂഹ്യനീതി വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ്, ഓര്‍ഫനേജ് കൗണ്‍സിലര്‍ സതീഷ് തങ്കച്ചന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ സുധീഷ്, നിമ്മി, വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ പ്രേമ ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.