ഇടുക്കി: ജില്ലയില്‍ ഇതുവരെ 18 വയസ്സിന് മുകളിലുള്ള 846758 പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇനി വാക്‌സിന്‍ സ്വീകരിക്കാനുള്ളവരില്‍ കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുള്ളവര്‍, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, കൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖതയുള്ള ഏതാനും പേര്‍ എന്നിവരാണുള്ളത്. ഇതു വരെ ആദ്യ ഡോസ് വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക് ഈ മാസം 12 നുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്.ഇതിന്റെ ഭാഗമായുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ല , ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ്തലങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ നടന്നു വരുന്നു.

ഇതുവരെ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. അലര്‍ജി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് കോ വിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള സൗകര്യം ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 12 കോവിഡ് വാക്‌സിനേഷന്‍ മോപ്പ്അപ് ദിനം ആയി പ്രവര്‍ത്തിക്കുകയാണ്. ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ ഇനിയും ഉണ്ടെങ്കില്‍ ഈ ദിവസം വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ള അവസാന അവസരമാണ് ഒക്ടോബര്‍ 12.

വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ കോവിഡ് രോഗബാധയുണ്ടായാല്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഈ സാഹചര്യം ഒഴിവാക്കാനും, ജില്ലയെ കോവിഡില്‍ നിന്ന് വിമുക്തമാക്കാനും ജില്ലയിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രിയ എന്‍ അറിയിച്ചു.