ഒറ്റപ്പാലം – ചെര്‍പ്പുളശ്ശേരി റോഡ് നവീകരണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ മാസത്തോടെ പ്രവൃത്തി തുടങ്ങാനാവുമെന്ന് ഒറ്റപ്പാലം പി.ഡബ്ള്‍യു.ഡി. റോഡ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഒറ്റപ്പാലം തഹസില്‍ദാരുടെ അധ്യക്ഷതയില്‍ നടന്ന ഒറ്റപ്പാലം താലുക്ക് വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. റോഡ് സാങ്കേതികാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. സാങ്കേതികാനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനാവും .സര്‍ക്കാര്‍ ഭൂമി കയ്യേറുന്ന വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കയ്യേറ്റവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടേയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം സബ് – കലക്ടറുടെ സാന്നിധ്യത്തില്‍ ചേരാനും സമിതി തീരുമാനിച്ചു. ചെര്‍പ്പുളശ്ശേരി വില്ലേജില്‍ ഏഴു വര്‍ഷം മുമ്പ് പട്ടയം ലഭിച്ചവര്‍ക്ക് ഭൂമി ലഭിക്കാത്ത കാര്യം പരിശോധിക്കുവാനും യോഗത്തില്‍ തീരുമാനമായി. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഇതുവരെ ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസില്‍ ആറായിരത്തോളം അപേക്ഷകള്‍ ലഭിച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.ജൂണ്‍ 25 മുതല്‍ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലായി അപേക്ഷകള്‍ സ്വീകരിക്കാന്‍ കാംപുകള്‍ സംഘടിപ്പിച്ചിരുന്നു.പുതിയ റേഷന്‍ കാര്‍ഡ്, അംഗങ്ങളെ കൂട്ടിച്ചേര്‍ക്കല്‍, സ്ഥലം മാറ്റം എന്നിവയ്ക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിന് ഓണത്തോടനുബന്ധിച്ച് ഒറ്റപ്പാലം എക്‌സൈസ് റെയിഞ്ചിനു കീഴില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടേയും, ജനപ്രതിനിധികളുടേയും യോഗം വിളിക്കാന്‍ യോഗം തീരുമാനിച്ചു. ഒറ്റപ്പാലം തഹസില്‍ദാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു.