തൃശ്ശൂർ: അന്നമനട വ്യവസായ ഗ്രാമം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പദ്ധതിയുടെ മൂന്നാംഘട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ് നിർവഹിച്ചു.കുടുംബശ്രീ അംഗങ്ങൾക്ക് എങ്ങനെ വ്യവസായ ഗ്രാമത്തിന്റെ കീഴിൽ പുതിയ സംരംഭം തുടങ്ങാം എന്നത് സംബന്ധിച്ച ക്ലാസാണ് നടന്നത്. വിവിധ വകുപ്പുകളുടെ സഹായത്തോടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി എങ്ങനെ
ചെറുകിട സംരംഭം ആരംഭിക്കാം എന്നതിനെ കുറിച്ചും പതിനെട്ട് വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി.

നാല് വാർഡുകളെ വീതം തിരഞ്ഞെടുത്ത് ഇതുമായി ബന്ധപ്പെട്ട് ക്ലസ്റ്റർ യോഗങ്ങൾ ചേരാനും തീരുമാനിച്ചു. വാർഡുകൾ അടിസ്ഥാനമാക്കിയുള്ള വിവിധ മേഖലകളിലായിരിക്കും ക്ലസ്റ്റർ യോഗങ്ങൾ ചേരുക. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജനറൽ ഓറിയന്റേഷൻ ട്രെയിനിങ് നൽകും. തുടർന്ന് വരുന്നവർക്ക് സംരംഭം തുടങ്ങുന്നതിനുള്ള എന്റർപ്രനർഷിപ് പ്രോഗ്രാം പരിശീലനവും നൽകും. വ്യവസായഗ്രാമം സാധ്യമാകുന്നതിനായി വിവിധ ഘട്ടങ്ങളായുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്ത്‌ നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ വാർഡ് തല ക്ലസ്റ്റർ യോഗങ്ങളും രണ്ടാം ഘട്ടത്തിൽ പദ്ധതി പ്രഖ്യാപനവും നടന്നു.

കൃഷി, പാലുൽപ്പന്നങ്ങൾ, കന്നുകാലി വളർത്തൽ, മത്സ്യക്കൃഷി, മൃഗസംരക്ഷണം, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ ചെറുകിട വ്യവസായ സംരംഭങ്ങൾ സ്ഥാപിക്കാനാണ് വ്യവസായ ഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീട്ടമ്മമാർ, കുടുംബശ്രീ പ്രവർത്തകർ, പ്രവാസികൾ, അഭ്യസ്ഥവിദ്യർ, കർഷകർ എന്നിവർ സംരംഭകരാകും എന്നതാണ് വ്യവസായ ഗ്രാമത്തിന്റെ പ്രത്യേകത. പരിശീലന പരിപാടിയിൽ കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ജ്യോതിഷ് കുമാർ, എ ഡി എം സി രാധാകൃഷ്ണൻ, ഡി പി എംമാരായ ആദർശ് ദയാൽ, ദീപ ഷോബു, മഞ്ജീഷ് തുടങ്ങിയവർ പരിശീലനക്ലാസ്സെടുത്തു. സി ഡി എസ് ചെയർപേഴ്സൺ ഷിനി സുധാകരൻ, ക്ഷേമകാര്യം സ്ഥിരം സമിതി അംഗം സിന്ധു ജയകുമാർ, മെമ്പർ സെക്രട്ടറി എ പ്രീതി തുടങ്ങിയവർ പങ്കെടുത്തു.