മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. നവംബര്‍ മൂന്ന് വരെ 21 പ്രവൃത്തി ദിവസത്തെ കാലയളവിലാണ് കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടപ്പാക്കുന്നത്. ഈ കാലയളവില്‍ ജില്ലയിലുള്ള നൂറു ശതമാനം പശുക്കള്‍ക്കും എരുമകള്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കി പ്രതിരോധ കുത്തിവെപ്പ് നല്‍കുകയാണ് ലക്ഷ്യമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ സുരജ പ്രദീപ് പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയില്‍ 158 സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ജില്ലാകലക്ടര്‍ ചെയര്‍മാനായും എ.ഡി.സി.പി. ജില്ലാ കോര്‍ഡിനേറ്റര്‍ കണ്‍വീനറായും പഞ്ചായത്ത് വകുപ്പിലെയും ക്ഷീര വികസന വകുപ്പിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ജില്ലാതല മോണിറ്ററിങ് യൂണിറ്റും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശികതലത്തില്‍ ക്ഷീര സംഘങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, തദ്ദേശ സ്വയംഭരണ അധികാരികള്‍, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ സംഘടിപ്പിച്ച് പ്രചാരണപരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. വാക്‌സിനേഷന്‍ നടത്തിയ മൃഗങ്ങളുടെ വിവരങ്ങള്‍ ഇനാഫ് (Information Network for Anitial Prinity and Hati) വഴി കൃത്യമായി രേഖപ്പെടുത്തും.
സർക്കാർ മൃഗാശുപത്രികൾ വഴി സൗജന്യമായാണ് കുത്തിവെപ്പ് നടത്തുന്നത്. ജില്ലയിൽ പതിമൂവ്വായിരത്തോളം വരുന്ന പശു- എരുമകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. മൃഗാശുപത്രികളിലെയും വെറ്റിനറി ഉപകേന്ദ്രങ്ങളിലെയും ലൈവ് ഇൻസ്പെക്ടർമാരും അറ്റെൻഡർമാരും ഉൾപ്പെടുന്ന സ്ക്വാഡ് രൂപീകരിച്ച് ക്യാമ്പ് മുഖേനയും വീടുകൾ കേന്ദ്രീകരിച്ചുമാണ് കുത്തിവെപ്പ് നടത്തുന്നത്. സ്ക്വാഡുകൾക്ക് ആവശ്യമായ പരിശീലനം നൽകിയാണ് ഇത് സാധ്യമാക്കുന്നത്. ജില്ലയിലെ എഡിസിപി ( കാലിരോഗ നിയന്ത്രണ പദ്ധതി) ജില്ലാ കോർഡിനേറ്റർക്ക് ലഭ്യമാക്കുന്ന വാക്സിൻ, നാല് താലൂക്ക് കോ-ഓർഡിനേറ്റർമാർ മുഖേന പഞ്ചായത്തിലെ മൃഗാശുപത്രികൾക്ക് ലഭ്യമാക്കുന്നു. വാക്സിനേഷൻ മൂലമുണ്ടാകുന്ന അത്യാഹിതങ്ങൾക്ക് (അബോർഷൻ, മരണം മുതലായവ) അർഹമായ നഷ്ടപരിഹാരം കർഷകർക്ക് നൽകുന്നുണ്ട്. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പദ്ധതിക്ക് തുടക്കമിട്ടു. കൊടുങ്ങല്ലൂർ നഗരസഭയിൽ മൃഗസംരക്ഷണ വകുപ്പിന്റെയും കൊടുങ്ങല്ലൂർ നഗരസഭയുടെയും ക്ഷീരസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. പ്രാദേശികതല കുത്തിവെപ്പിന്റെ ഉദ്‌ഘാടനം അഞ്ചപ്പാലം ബാവ ഡയറിഫാമിൽ വെച്ച് നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അംഗം ലതാ ഉണ്ണികൃഷ്ണൻ, സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ എൻ കെ സന്തോഷ്, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ സ്റ്റെജിൻ സൈമൺ എന്നിവർ പങ്കെടുത്തു