കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിനായി 1.9 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 7500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കുന്നത്. പഴയ ഒ.പി. ബ്ലോക്ക് കെട്ടിടം പൊളിച്ച് മാറ്റി നിർമിക്കുന്ന പുതിയ ഇരുനില കെട്ടിടത്തിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഒ.പി. വിഭാഗത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി ആധുനികവത്ക്കരിച്ച രജിസ്ട്രേഷൻ-ടോക്കൺ സംവിധാനം, രോഗികളുടെ സ്വകാര്യത ഉറപ്പു വരുത്തുന്ന കൺസൾട്ടേഷൻ റൂമുകൾ, ലാബ്, ഫാർമസി, ഭിന്നശേഷി സൗഹൃദമായ ശുചിമുറികൾ എന്നിവയുണ്ട്.
ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി, ന്യൂറോളജി, പീഡിയാട്രിക്, കാർഡിയോളജി തുടങ്ങി 16 വിഭാഗം ഒ.പി കൗണ്ടറുകളും പുതിയ കെട്ടിടത്തിൽ സജ്ജീകരിക്കും. പ്രതിദിനം 800 രോഗികളാണ് ഒ.പി വിഭാഗത്തിൽ എത്തുന്നത്. ഇലക്ട്രിക്കൽ- പ്ലംബ്ബിങ്ങ് ജോലികൾ കൂടി പൂർത്തിയാകുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.കെ. മനോജ് പറഞ്ഞു. ഒരു വർഷം മുൻപാണ് കെട്ടിത്തിന്റെ നിർമാണം ആരംഭിച്ചത്.