കൊച്ചി: ജനസംഖ്യാ നിയന്ത്രണത്തോടൊപ്പം  ആരോഗ്യമുള്ള ജനസമൂഹത്തെയും സൃഷ്ടിക്കണമെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി. കുടുംബാസൂത്രണത്തിന്റെ ലക്ഷ്യം ജനസംഖ്യാ നിയന്ത്രണം മാത്രമല്ലെന്നും ആരോഗ്യമുള്ള സമൂഹത്തിന്റെ സൃഷ്ടി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകജനസംഖ്യാദിനം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.പി. കൃഷ്ണകുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട്  ഡോ. എ അനിത, സെന്റ് തെരേസാസ് കോളേജ് പ്രൊഫസര്‍ ഡോ. എന്‍  ധന്യ, മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ലോകജനസംഖ്യ 1987 ജൂലൈ 11ന് 500 കോടി തികഞ്ഞതിന്റെ സ്മരണയിലാണ് എല്ലാവര്‍ഷവും ഈ ദിവസം ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്. കുടുംബാസൂത്രണം ഒരു മനുഷ്യാവകാശമാണ് എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. അഡീഷണല്‍ ഡി.എം.ഒ ഡോ. ആര്‍. വിവേക് കുമാര്‍ സന്ദേശം നല്‍കി. സെന്റ് തെരേസാസ് കോളേജ് ഹോം സയന്‍സ് വിഭാഗം മേധാവി ഡോ. തോമസ് ഐസക്, ആര്‍സിഎച്ച് ഓഫീസര്‍ ഡോക്ടര്‍ എന്‍.എ. ഷീജ, പ്രൊഫ. സെബാസ്റ്റിയന്‍, ഡോ. താരാ സെബാസ്റ്റ്യന്‍ ക്ലാസ്സുകള്‍ നയിച്ചു. സെന്റ് തെരാസാസ് കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിനികള്‍ നാടകം അവതരിപ്പിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസ്,  ദേശീയ ആരോഗ്യ ദൗത്യം, സെന്റ് തെരേസാസ് കോളേജ് ഹോം സയന്‍സ്  വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.