പള്ളുരുത്തി: തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേന ഏറ്റെടുത്തു നടത്തുന്ന അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എ.ബി.സി) പദ്ധതിയുടെ ഭാഗമായി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ സുരക്ഷ 2018 ശില്‍പ്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരന് ഉദ്ഘാടനം ചെയ്തു.
മാലിന്യ നിര്‍മ്മാര്‍ജനം കാര്യക്ഷമമായി നടക്കാത്തതിനാല്‍ തെരുവു നായകളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് സി.എസ് പീതാംബരന് പറഞ്ഞു. ഉറവിട മാലിന്യ സംസ്കരണത്തിന് പകരം മാലിന്യങ്ങള്‍ റോഡിലും കാനകളിലും അലക്ഷ്യമായി വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യത്തിലാണ് തെരുവുനായകള്‍ പൊതുസ്ഥലങ്ങളില്‍ പെരുകുന്നതും ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതും. നായകള്‍ക്കുണ്ടാകുന്ന പേവിഷബാധയും വലിയ പ്രശ്നമാണ്. പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിച്ചു കൊണ്ടാണ് വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് എ.ബി.സി പദ്ധതിയും ഭംഗിയായി ഏറ്റെടുത്ത് നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന് പ്രോഗ്രാം മാനേജര്‍ ടി.ആര്. രമ്യ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ പ്രദീപ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സാമു ആന്റണി, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാര്ട്ടിന് ആന്റണി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, കുമ്പളങ്ങി സിഡിഎസ് ചെയര്‍പേഴ്സണ്‍ മെറ്റില്‍ഡ ജോയ്, കുമ്പളം സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ സുലോചന, ചെല്ലാനം ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു
എറണാകുളം ജില്ലയില്‍ നിലവില്‍ പറവൂര്‍, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, തിരുമാറാടി എന്നിവിടങ്ങളിലെ മൃഗാശുപത്രികളില്‍ മാത്രമാണ് നായകളുടെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് സൗകര്യമുള്ളത്. നായകളെ ശുശ്രൂഷിക്കാനുള്ള ഷെല്‍ട്ടര്‍ സംവിധാനവും ഇവിടെയുണ്ട്. ശസ്ത്രക്രിയ നടത്തിയ നായകളുടെ ചെവിയില്‍ അടയാളം നല്‍കും. നാല് മുതല്‍ അഞ്ച് പേരടങ്ങുന്ന ഓരോ സംഘങ്ങളായാണ് എ.ബി.സി പദ്ധതിയുടെ പ്രവര്‍ത്തനം. എറണാകുളം ജില്ലയില്‍ വടവുകോട്, ആലങ്ങാട് ബ്ലോക്കുകളിലാണ് സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന മിഷന് കീഴിലുള്ള ഏജന്‍സിയില്‍ നിന്ന് പരിശീലനം ലഭിച്ചവരാണ് എ.ബി.സി പ്രവര്‍ത്തകര്‍. ജില്ലയിലെ മറ്റ് പഞ്ചായത്തുകളില്‍ നിന്നും പിടിക്കുന്ന നായകളെ വടവുകോട്ടും ആലങ്ങാടുമുള്ള കേന്ദ്രങ്ങളിലെത്തിച്ചാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത്.