തിരൂര്‍ ജില്ലാ ആശുപത്രിയിലെ നവീകരിച്ച രക്തബാങ്കിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പുതിയ രക്തബാങ്ക് സജ്ജീകരിച്ചിരിക്കുന്നത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന രക്തബാങ്ക് സൗകര്യക്കുറവുമൂലവും നിലവിലുള്ള കെട്ടിടത്തിന്റെ കാലപ്പഴക്കത്തെയും തുടര്‍ന്നാണ് പുതിയ സൗകര്യത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ നിലവിലെ 72 യൂണിറ്റ് രക്ത സംഭരണ ശേഷി 210 യൂണിറ്റായി വര്‍ദ്ധിക്കും. ഇതോടൊപ്പം ഒരേസമയം മൂന്ന് പേരില്‍ നിന്നും രക്തം ശേഖരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ ആശുപത്രിയിലെ ഓങ്കോളജി, ഡയാലിസിസ്, സര്‍ജറി വിഭാഗങ്ങളുടെ സുഖമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ കമ്പോണന്റ് സെപറേഷന്‍ യൂണിറ്റും ലൈസന്‍സ് ലഭ്യമാകുന്ന മുറക്ക് പ്രവര്‍ത്തനം ആരംഭിക്കും. നേരത്തെ ഒരു ദാതാവില്‍ നിന്നും സ്വീകരിക്കുന്ന രക്തം ഒരു രോഗിയുടെ ആവിശ്യത്തിന് മാത്രമാണ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ പുതിയതായി കമ്പോണന്റ് സെപറേഷന്‍ യൂണിറ്റ് കൂടി സ്ഥാപിക്കുന്നതോടെ നാല് രോഗികളുടെ ആവശ്യത്തിനുള്ള ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാനും സാധിക്കും. കമ്പോണന്റ് സെപറേഷനിലൂടെ രക്തത്തിന്റെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കുന്നതോടൊപ്പം സാധാരണ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തുന്നതിലെ അപകട സാധ്യതകള്‍ കുറക്കാനും സാധിക്കും.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീബ അസീസ് മയ്യേരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഫൈസല്‍ എടശ്ശേരി, ഹംസ മാസ്റ്റര്‍, അഫ്‌സല്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ. ആര്‍ ബേബി ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.