കേരള സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് 2021നായി ചിത്രങ്ങൾ ക്ഷണിച്ചു. ‘ഇന്ത്യൻ കർഷകൻ-ഒരു നേർക്കാഴ്ച’ എന്ന ആശയത്തിൽ നാലു മുതൽ പ്ലസ്ടുവരെ ക്ലാസ്സുകളിൽ (9 മുതൽ 17 വയസ്സുവരെ) പഠിക്കുന്ന വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ചിത്രങ്ങൾക്ക് ജലഛായം, പോസ്റ്റർ കളർ, ക്രയോൺസ്, ഓയിൽ പെയിന്റ് എന്നിവയിൽ ഒന്ന് ഉപയോഗിക്കാം.

15 x 12 സെന്റീമീറ്റർ അനുപാതത്തിലായിരിക്കണം ചിത്രരചന നടത്തേണ്ടത്.
സ്റ്റാമ്പിന്റെ വലിപ്പമായ 5 x 4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാൽ വിശദാംശങ്ങൾ അസ്പഷ്ടമാകാത്തവിധമുള്ള പശ്ചാത്തലവും നിറങ്ങളും രചനാ സാമഗ്രികളും കൊണ്ട് ചിത്രരചന നിർവഹിക്കുന്നതായിരിക്കും ഉചിതം.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരയ്ക്കുന്ന വിദ്യാർഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നൽകി ശിശുദിന സ്റ്റാമ്പ് പ്രകാശന ചടങ്ങിൽ ആദരിക്കും.

ചിത്രം വരയ്ക്കുന്ന വിദ്യാർഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്‌കൂളിന്റെയും വിദ്യാർഥിയുടെ വീടിന്റേയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്സ് മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.

ചിത്രരചനകൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ നേരിട്ടോ നവംബർ 3 വരെ നൽകാം. കവറിനു പുറത്ത് ‘ഇന്ത്യൻ കർഷകൻ-ഒരു നേർക്കാഴ്ച’ എന്ന് എഴുതിയിരിക്കണം.