കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന പാൻ ഇന്ത്യ നിയമബോധവത്കരണ കാമ്പയിന്റെ ഭാഗമായി പ്രമുഖവ്യക്തികൾ സ്‌കൂൾ-കോളജ് വിദ്യാർഥികളുമായി ഓൺലൈനിൽ സംവദിക്കുന്ന പരിപാടി ചൊവ്വാഴ്ച(ഒക്‌ടോബർ 12) ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30ന് സംവാദ പരിപാടി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി സി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി വിദ്യാർഥികളുമായി സംവദിക്കും. ഡി.എൽ.എസ്.എ. സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി.എസ്. മിഥുൻ ഗോപി, ഈരാറ്റുപേട്ട മുനിസിഫ് മജിസ്‌ട്രേറ്റ് മറിയം സലോമി, എം.ഡി. സെമിനാരി സ്‌കൂൾ പ്രിൻസിപ്പൽ സ്റ്റാൻലി തോമസ് എന്നിവർ പങ്കെടുക്കും. ലഹരി ഇല്ലാതെ ജീവിതം എന്ന വിഷയത്തിൽ എക്‌സൈസ് സി.ഐ. വൈ. പ്രസാദ്, അഡ്വ. അഖിൽ വിജയ്, അഡ്വ. സ്വാതി എസ്. ശിവൻ എന്നിവർ ക്ലാസെടുക്കും.

ബുധനാഴ്ച(ഒക്‌ടോബർ 13) ഉച്ചകഴിഞ്ഞ് 2.30ന് ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി വിദ്യാർഥികളുമായി സംവദിക്കും. കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ അഡ്വ. എം. അർച്ചന നായർ, അഡ്വ. അനഘ സന്തോഷ് എന്നിവർ ക്ലാസെടുക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡിലെ അനുഭവങ്ങൾ എന്ന വിഷയത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് അനു ടി. തോമസ് സംസാരിക്കും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി.എസ്. മിഥുൻ ഗോപി, ഈരാറ്റുപേട്ട മുനിസിഫ് മജിസ്‌ട്രേറ്റ് മറിയം സലോമി, പാലാ ഡി.ഇ.ഒ. ജയശ്രീ എന്നിവർ പങ്കെടുക്കും.