ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (എസ്്എഎഫ്) ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 20 വയസിനും 40 വയസിനും ഇടയിലുളളവരും മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്എഫ്ആര്‍) അംഗത്വമുളള രണ്ട് മുതല്‍ അഞ്ച് വരെ പേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെളളപ്പൊക്കം, ഓഖി മുതലായ പ്രകൃതി ദുരന്തങ്ങള്‍ക്കിരയായ കുടുംബങ്ങളില്‍ നിന്നുളളവര്‍ക്കും തീരനൈപുണ്യ കോഴ്സില്‍ പങ്കെടുത്ത കുട്ടികള്‍ക്കും മുന്‍ഗണന ലഭിക്കും. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റായും, 20 ശതമാനം ബാങ്ക് ലോണും, 5 ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരുലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും.
ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്റ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐ.ടി കിയോസ്‌ക്, പ്രൊവഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കംപ്യൂട്ടര്‍ – ഡി.ടി.പി സെന്റര്‍ മുതലായ യൂണിറ്റുകളാണ് ഈ പദ്ധതി വഴി ആരംഭിക്കാം. അപേക്ഷകള്‍ മത്സ്യഭവനുകളില്‍ നിന്നും സാഫിന്റെ നോഡല്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 അഞ്ച് വരെ. ഫോണ്‍ : 9288908487, 9526880456, 7907422550.